നായക മോഹവുമായി സിനിമയില്‍ എത്തിയെങ്കിലും വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് ജനാര്‍ദ്ദനന്‍. ആദ്യത്തെ കഥ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. മാന്നാർ മത്തായിയിലെ ഗർവാസീസ് ആശാൻ ഉൾപ്പടെ നിരവധി വേഷങ്ങളാണ് അദ്ദേഹം അനായാസമായി കൈകാര്യം ചെയ്തിരുന്നത്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അദ്ദേഹം അന്തരിച്ച നടി സുകുമാരിക്ക് ഒപ്പം വിറച്ചു കൊണ്ട് അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
ജനാര്‍ദ്ദനന്റെ വാക്കുകള്‍ ഇങ്ങനെ, ഭൂഗോളം തിരിയുന്നു എന്ന ശ്രീകുമാരന്‍ തമ്പി സാറിന്റെ സിനിമയില്‍ നടന്‍ രാഘവനെടുത്ത ഒരു തീരുമാനം കൊണ്ടാണ് എനിക്കു അവസരം ലഭിക്കുന്നത്. മൂന്ന് സഹോദരങ്ങളുടെ കഥയാണ് ‘ഭൂഗോളം തിരിയുന്നു’ എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞത്. അതിലെ മൂന്ന് സഹോദരങ്ങളും രാഘവന്‍ തന്നെ ചെയ്യണമെന്നായിരുന്നു ശ്രീകുമാരന്‍ തമ്ബി സാറിന്റെ ആഗ്രഹം. പക്ഷേ രാഘവന്‍ അതിന് തയ്യാറായില്ല. മറ്റു രണ്ടു വേഷങ്ങള്‍ വേറെ നടന്മാര്‍ക്ക് നല്‍കാന്‍ അദ്ദേഹം പറഞ്ഞു. ഇതോടെ ആ സിനിമയിലേക്ക് ഞാനും വിന്‍സെന്റും വന്നു. ഏറ്റവും മൂത്ത സഹോദരനായിട്ടാണ് ഞാന്‍ അഭിനയിച്ചത്.
അതും സുകുമാരി ചേച്ചിയുടെ ഭര്‍ത്താവായിട്ട്. ആ സിനിമയുടെ അനുഭവം എനിക്ക് ഇന്നും മറക്കാന്‍ കഴിയില്ല. കാരണം വിറച്ചു കൊണ്ടാണ് ഞാന്‍ അഭിനയിച്ചത്. സുകുമാരി ചേച്ചി തെന്നിന്ത്യന്‍ സിനിമയില്‍ കത്തിനില്‍ക്കുന്ന സമയം. അങ്ങനെ ഒരു അവസരത്തില്‍ എന്നെപ്പോലെ ഒരു പുതുമുഖതാരം സുകുമാരി ചേച്ചിക്കൊപ്പം നിന്ന് അഭിനയിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. വളരെ കൂള്‍ ആയി സ്വാഭാവികതയോടെ സംഭാഷണം പറഞ്ഞാല്‍ ഇതൊന്നും വലിയ കാര്യമല്ലെന്ന രാഘവന്റെ വാക്കുകളാണ് എനിക്ക് ആ സിനിമ ചെയ്യാന്‍ ധൈര്യമായത് എന്നും അദ്ദേഹം പറയുന്നു.