പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. മകൻ്റെ ചിത്രത്തിലേക്ക് നായികയായി മാളവികയെ തെരഞ്ഞെടുക്കുന്നത് മമ്മൂട്ടി തന്നെയായിരുന്നുവെന്ന് നടി അടുത്തിടെയാണ് വെളിപ്പെടുത്തിയിരുന്നു. വലിയ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രം ചെയ്തിരുന്നതെന്നും എന്നാൽ ഈ ചിത്രം വേണ്ടത്ര വിജയം നേടാനാകാതെ പോയത് സമ്മാനിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്നും ജയപരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും മാളവിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും മാളവിക പറഞ്ഞു.
അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ ആളുകൾ കമന്റടിച്ചിരുന്നുവെന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞു. വനിതാ മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.വസ്ത്രധാരണത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടിൽ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ ഇപ്പോഴും ആക്രമിക്കുന്നവരുണ്ടെന്നും തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശമാണ് ഉള്ളതെന്നും മാളവിക ചോദിച്ചു.

നമുക്കൊരു പരാജയമുണ്ടാവുകയാണെങ്കിൽ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ലെന്നും അത് അനുഭവിച്ച് തന്നെ അറിയണമെന്നും മാളവിക പറയുന്നു. വേറെ ഏത് ജോലിയാണെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചാൽ വളരെ ചുരുക്കം പേരേ അറിയുകയുള്ളുബവെന്നും അവിടെ അതെല്ലാം വ്യക്തിരമായ പരാജയങ്ങളാണെന്നും പക്ഷേ സിനിമ അങ്ങനെയല്ലല്ലോ എന്നും നടി.
ഒരു സിനിമ പരാജയപ്പെട്ടാൽ അതൊരു പബ്ലിക്ക് പരാജയമാണെന്നും അത് ചർച്ച ചെയ്യാൻ ഒരുപാട് പേരുണ്ടാകുമെന്നും മാളവിക ചൂണ്ടിക്കാട്ടി. അത് നമ്മളെ വല്ലാതെ മാനസികമായി തകർക്കുമെന്നും ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും തനിക്കെതിരെ വലിയ ആക്രമണം നടത്തിയിരുന്നെന്നും താരം കൂട്ടിച്ചേർത്തു. വിജയ് ചിത്രം ‘മാസ്റ്റർ’ ആണ് മാളവികയുടെ അവസാനം റിലീസായ സിനിമ.