ജയറാം-പാർവതി ദമ്പതിമാർ മലയാളികൾക്ക് പ്രിയപ്പെട്ട താരജോഡികളാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മകൻ കാളിദാസും അഭിനയരംഗത്ത് സജീവമാണ്. ഇതുവരെ സിനിമയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി മകൾ മാളവിക ജയറാമും മലയാളികളുടെ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ന് സിനിമാമേഖലയിലെ ഭൂരിഭാഗം അഭിനേതാക്കളുടെ മക്കളും അഭിനയം ഒരു കരിയർ ആയി കൊണ്ടുപോകുന്നുണ്ട്. എന്നാൽ ജയറാമിന്റെ മകൾ മാളവിക അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ്. ജയറാം തന്റെ മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ മാളവിക ഒരു പരസ്യ ചിത്രത്തിൽ ജയറാമിനൊപ്പം അഭിനയിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ പുതിയ അഭിമുഖത്തിൽ മാളവിക പറഞ്ഞ വാക്കുകളാണ്.
‘അമ്മയുടെ സിനിമകൾ കണ്ടിട്ടില്ല. മൂന്ന് വയസൊക്കെയായിരുന്ന സമയത്ത് അമ്മയുടെ സിനിമ കണ്ട് കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിർത്തി. അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും കാണാറുണ്ട്. അമ്മ കണക്കിൽ ഭയങ്കര അറിവുള്ള വ്യക്തിയാണ്. ഞാൻ അതിൽ വീക്കാണ്. ചെറുപ്പത്തിൽ അമ്മ ഞങ്ങളെ പഠിപ്പിക്കുമ്പോൾ എന്തോ കാര്യത്തിന് നന്നായി വഴക്ക് പറഞ്ഞു. അതിന്റെ പേരിൽ ഞാൻ കരച്ചിലായി. അവസാനം അച്ഛനെ വിളിച്ച് പറഞ്ഞു അമ്മയ്ക്കൊപ്പമുള്ള ജീവിതം മടുത്തുവെന്ന്. അച്ഛൻ ദൂരെ ഒരു ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. അച്ഛൻ ആകെ ഭയന്നു. എന്റെ കരച്ചിലും ബഹളവും കേട്ട്.
പിന്നെ അമ്മ അച്ഛനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. പണ്ട് എനിക്ക് ശരീര ഭാരം കൂടുതലായിരുന്നു. അതിനാൽ ബോഡി ഷെയ്മിങ് ഒരുപാട് നേരിട്ടിരുന്നു. ആ സങ്കടം ഉള്ളിൽ കിടക്കുന്നതിനാൽ അഭിനയത്തിലേക്ക് വരുന്നതിനും ഭയമായിരുന്നു. ഉണ്ണി മുകുന്ദൻ ചേട്ടനോട് എനിക്ക് ക്രഷുണ്ട് എന്ന വാർത്ത വെറും ഗോസിപ്പ് മാത്രമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് എന്നും മാളവിക പറഞ്ഞു.