നല്ല രുചിയോടെ സമൂസ കഴിക്കാന്‍ തോന്നിയാൽ കടയിൽ നിന്നും മേടിക്കാതെ വീട്ടില്‍ തന്നെ തയ്യാറാക്കാം.
സമൂസ മസാല ഉണ്ടാക്കാന്‍ 1. ഉരുളക്കിഴങ്ങ് വേവിച്ചത് -2 എണ്ണം
2.സവാള -1 എണ്ണം
3.പച്ചമുളക് -2 എണ്ണം
4. ഇഞ്ചി -1 ചെറിയ കഷ്ണം
5.ഗ്രീന്‍ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീന്‍ പീസ് -1 കപ്പ്
6. മഞ്ഞള്‍ പൊടി -1/2 ടേബിള്‍ സ്പൂണ്‍
7. ഗരം മസാല -1/4 ടേബിള്‍ സ്പൂണ്‍
8. എണ്ണ -1 ടീസ്പൂണ്‍
9. ഉപ്പ് – ആവശ്യത്തിന്
10. മല്ലിയില
സമൂസ ഷീറ്റ് ഉണ്ടാക്കാന്‍
1.മൈദ -1 കപ്പ്
2. നെയ്യ് -1 ടീസ്പൂണ്‍
3. ഉപ്പ് – ആവശ്യത്തിന്
സമൂസ തയ്യാറാക്കുന്ന വിധം - ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് ഉപ്പ്, മഞ്ഞള്‍ പൊടി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് വേവിച്ച ഗ്രീന്‍ പീസ് ഇട്ട് ഇളക്കുക. ഗരം മസാല വഴറ്റിയതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചു ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 2 മിനിറ്റ് ഇളക്കുക.
ഇതിലേക്കു മല്ലിയില ഇട്ടു തീ അണക്കുക. സമൂസ ഷീറ്റ് ഉണ്ടാക്കാന്‍ മൈദയും ഉപ്പും നെയ്യും ഒന്നിച്ചിട്ട് ഇളക്കി കുറേശ്ശെയായി വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പാകത്തില്‍ കുഴക്കുക. ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ മൈദ കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. കുഴച്ചു വച്ച മാവില്‍ നിന്ന് ചെറിയ ഉരുളകള്‍ എടുത്തു പൂരി യെക്കാളും കുറച്ചു വലിപ്പത്തില്‍ കട്ടി കുറഞ്ഞു പരത്തി എടുക്കുക.
അതിനു ശേഷം ഒരു ദോശക്കല്ല് ചൂടാക്കി പരത്തി എടുത്ത ഷീറ്റ് ഒരു സെക്കന്റ് രണ്ടു ഭാഗവും ചൂടാക്കി എടുക്കുക. ഇങ്ങനെ ആക്കുന്ന ഷീറ്റ് വേണമെങ്കില്‍ ഫ്രിഡ്‌ജില്‍ വച്ചു പിന്നീട് സമൂസ ഉണ്ടക്കാനും ഉപയോഗിക്കാം. ചൂടാക്കി എടുത്ത ഷീറ്റ് കോണ്‍ ഷേപ്പില്‍ മടക്കി വെച്ച് മൈദ പേസ്റ്റ് വച്ചു ഒട്ടിക്കുക. അതിലേക്കു മസാല ഫില്ലിംഗ് ആക്കുക. എന്നിട്ട് മുകളില്‍ നിന്ന് താഴേക്കു മടക്കി വീണ്ടും മൈദ പേസ്റ്റ് ഒട്ടിക്കുക. എണ്ണ നന്നായി ചൂടായാല്‍ മീഡിയം തീയില്‍ വച്ചു ഗോള്‍ഡന്‍ കളര്‍ ആകുന്ന വരെ വറുത്തെടുക്കുക.