സംവിധായകൻ ജമീൽ ഹന്‍സിക മോട്ട്വാനിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് മഹ. ചിമ്പു ഒരു പ്രധാന റോളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇത് ഹന്‍സികയുടെ കരിയറിലെ അന്‍പതാമത്തെ ചിത്രമാണെന്നതാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോൾ റിലീസിനായി കാത്തിരിക്കുകയാണ്. തുടർന്ന് മഹ ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്ന വാർത്തയും വരുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ സംവിധായകന്‍ ജമീല്‍ ഇപ്പോൾ പ്രചരിക്കുന്നത് തീര്‍ത്തും തെറ്റായ വാർത്തയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.
ചിമ്പുവിന്റെ ട്വിറ്റര്‍ ഫാന്‍സ് പേജിലൂടെയാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ മഹ ഒടിടി റിലീസിന് ഒരുങ്ങുകയാണ്, ഹോട്‌സ്റ്റാറുമായി ചര്‍ച്ച നടത്തി, നേരിട്ട് ഹോട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യും, നിലവിലെ കോവിഡ് സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ജമീല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് അറിയിച്ചു. ചിമ്പു ആരാധകരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. എനിക്കറിയാം, മഹാ ഷൂട്ടിങ് തുടങ്ങിയിട്ട് നാല് വര്‍ഷം ആവുന്നു. പക്ഷെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാന്‍ നിങ്ങള്‍ കുറച്ച് ദിവസം കൂടി കാത്തിരിയ്ക്കൂ. എന്റെ സിനിമയ്ക്ക് ചിമ്പു ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിന് ഞാനെന്നും നന്ദിയുള്ളവനായിരിയ്ക്കും എന്നാണ് ജമീലിന്റെ ട്വിറ്റര്‍ പോസ്റ്റ്.
ഹന്‍സികയും ചിമ്പുവും പ്രണയ ബ്രേക്കപ്പിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന തരത്തിലും മഹയ്ക്ക് ശ്രദ്ധ ലഭിച്ചിരുന്നു. ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ആരാധകരില്‍ നിന്നും നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പിന്തുണയാണ് ലഭിച്ചത്. ഈ സിനിമയില്‍ ചിമ്പുവിനെയും ഹന്‍സികയെയും കൂടാതെ ശ്രീകാന്തും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മഹ എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്
ഗിബ്രാനാണ്. ലക്ഷ്മണും ജോണ്‍ അബ്രഹാമും ചേര്‍ന്ന് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്ര സംയോജനവും നിര്‍വ്വഹിക്കുന്നു.