പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിലായിരുന്നു. മാടമ്പ് ശങ്കരൻ നമ്പൂതിരിയെന്നാണ് യഥാര്‍ത്ഥ പേര്. 81 വയസ്സായിരുന്നു.
1941 ൽ തൃശൂര്‍ ജില്ലയിലെ കിരാലൂരിലാണ് അദ്ദേഹത്തിന്റെ ജനനം. നമ്പൂതിരി സമുദായത്തിലെ സ്മാർത്ഥവിചാരം എന്ന ആചാരത്തെ ആസ്പദമാക്കിയ ദൃഷ്ട് എന്ന ഒറ്റ നോവലിലൂടെ തന്നെ വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയ സാഹിത്യകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടൻ. ഇതിന് പുറമെ, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നീ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
സംവിധായകൻ ജയരാജിനൊപ്പം ഏതാനും സിനിമകള്‍ക്ക് തിരക്കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്. ദേശാടനം, കരുണം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് എന്നീ സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. ഇതിൽ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. പോത്തൻ വാവ, വടക്കുംനാഥൻ, അഗ്നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ, അശ്വത്ഥാമാവ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2001 ൽ ബി ജെ പി ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.