മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയകളിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനും നിലപാടുകൾ വ്യക്തമാക്കുന്നതിനും താരത്തിന് ഒരു മടിയും ഇല്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും പലപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. തന്നെ വിമര്‍ശിക്കുന്നവർക്ക് തക്കതായ മറുപടിയും താരം നല്‍കാറുണ്ട്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച കുറിപ്പ് താരം പോസ്റ്റ് ചെയ്തിരുന്നു . ഈ പോസ്റ്റിന് താഴെയും മോശമായ കമന്റുകള്‍ എത്തിയിരുന്നു.
അങ്ങനെ വാക്‌സിന്‍ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ ഫ്രീയായി കിട്ടും എന്നറിയാം. നമ്മള്‍ കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭിയ്ക്കുമല്ലോ. കൊവിഷീല്‍ഡ് ആണ്. ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാല്‍ വെളുപ്പിന് നാല് മണി മുതല്‍ എനിക്ക് ചെറിയ പനിയുണ്ട്. ഇന്‍ജെക്ഷന്‍ എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. അപ്പൊ തീര്‍ച്ചയായും നിങ്ങളുടെ ടേണ്‍ വരുമ്പോള്‍ വാക്‌സിനേഷന് വിധേയമാവുമല്ലോ? വേഗത്തില്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നുമായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചു.
പോസ്റ്റിന് താഴെ മോശമായി ചോദ്യമുന്നയിച്ച ആള്‍ക്കും ചുട്ട മറുപടി നല്‍കി ലക്ഷ്മി പ്രിയ. വാക്‌സിന്‍ എടുത്തവര്‍ക്കെല്ലാം ചെറിയ രീതിയില്‍ പനിയും കൈ വേദനയുമുണ്ട്. അത് 2 ദിവസം കൊണ്ട് മാറുമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കാശ് മുടക്കി വാക്‌സിന്‍ എടുക്കാന്‍ പ്രാപ്തിയുള്ളവര്‍ അങ്ങനെ തന്നെ ചെയ്യണം. നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മ്യുറ്റേഷന്‍ വന്ന കൊറോണ നിങ്ങളെ പിടിക്കില്ല എന്ന് ഉറപ്പുണ്ടോയെന്നായിരുന്നു ഒരാളുടെ ചോദ്യം. നാളെ നാം ജീവിച്ചിരിപ്പുണ്ടാവും എന്നുറപ്പുണ്ടോ? ഈ ഫോട്ടോയില്‍ ഉള്ള ആഞ്ഞിലി ചക്ക തലയില്‍ വീഴില്ല എന്നുറപ്പുണ്ടോ? ഒന്നിനും ഒരുറപ്പുമില്ല. എനിക്കാകെ ഉറപ്പുള്ളത് നെഗറ്റീവ് പറഞ്ഞാലും പോസിറ്റീവ് പറഞ്ഞാലും ഫേക്ക് ഐഡികള്‍ ഇവിടെ വന്നു പുളയ്ക്കും എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.