മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവിൽ തുടങ്ങി നാല്പത്തിയൊന്നിൽ എത്തി നിൽക്കുകയാണ് ലാൽ ജോസ് ചിത്രങ്ങൾ. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ പിരിച്ച മീശ ദിലീപ് പിരിച്ചപ്പോള്‍ അതൊരു വേറിട്ട മാനറിസമായി മാറുകയായിരുന്നു. താരങ്ങളുടെ വ്യത്യസ്ത മാനറിസങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് സംവിധായകന്‍ ലാല്‍ജോസ് സംസാരിക്കവെയാണ് മീശ മാധവന്‍ എന്ന ചിത്രത്തില്‍ ദിലീപിനെ കൊണ്ട് മീശ പിരിപ്പിച്ചതിനെ കുറിച്ച് പറഞ്ഞത്.
അന്ന് എനിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ദിലീപ് ആയിരുന്നു. അതുവരെ നിസ്സഹായ നായക വേഷങ്ങള്‍ ചെയ്തു കൊണ്ടു വന്ന ദിലീപിനെ വേറിട്ട് അവതരിപ്പിയ്ക്കുകയായിരുന്നു മീശ മാധവന്‍ എന്ന ചിത്രത്തില്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ പിരിച്ചത് പോലെ ദിലീപ് ഒന്ന് പിരിച്ചാല്‍ എന്താ എന്ന് തോന്നി. പക്ഷെ അതിനൊരു കാരണം വേണമായിരുന്നു. അങ്ങനെയാണ് മീശ പിരിച്ചാല്‍ മോഷ്ടിക്കാന്‍ കയറും എന്ന കാരണവും ആയത്. അത് ക്ലിക്കാകുകയും ചെയ്തു ലാല്‍ ജോസ് പറഞ്ഞു.