കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അനിയത്തിപ്രാവിലൂടെയാണ് താരം മലയാള സിനിമയിലെ നായക പദവിയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ താരം നായകനായി എത്തിയിരുന്നു. പിന്നീട് കുറച്ചു നാൾ സിനിമയിൽ നിന്നും കുഞ്ചാക്കോ ബോബൻ അവധി എടുത്തിരുന്നു. പിന്നീട് മടങ്ങിയെത്തിയപ്പോഴും നടന്റെ കൈ നിറയെ അവസരങ്ങളാണ്. സിനിമയിലെ ഉയര്‍ച്ചയും തകര്‍ച്ചയും ഒരു പോലെ അറിഞ്ഞ നടനുമാണ് കുഞ്ചാക്കോ ബോബന്‍.
ഇപ്പോള്‍ താന്‍ നായകനായി അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് സുധീഷ് തന്നെ പറ്റിച്ച അനുഭവം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചന്തമാമ എന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴ ബീച്ചില്‍ ചിത്രീകരിച്ചപ്പോഴുള്ള വേറിട്ടതും രസകരവുമായ അനുഭവത്തെക്കുറിച്ചാണ് കുഞ്ചാക്കോ ബോബന്റെ തുറന്നു പറച്ചില്‍. കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ, ചന്തമാമ എന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴ ബീച്ചില്‍ നടക്കുമ്പോള്‍ സുധീഷ് എന്ന നടന്‍ എനിക്ക് പണി നല്‍കിയ ഒരു അനുഭവമുണ്ട്. ബീച്ചിനടുത്തായി ഒരു ജ്യൂസ് കടയുണ്ട്. നല്ല അവല്‍ ഷേക്ക് ഒക്കെ കിട്ടുന്ന കടയാണ്. ചിത്രീകരണത്തിന്റെ ഇടവളയില്‍ ജ്യൂസ് കുടി പതിവായിരുന്നു. അങ്ങനെ എനിക്ക് അവിടെ പറ്റൊക്കെ ഉണ്ടായിരുന്നു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞും ആലപ്പുഴയില്‍ വരുമ്പോള്‍ അവിടെ കയറുന്നത് പതിവാക്കി. അങ്ങനെ കുറേ നാളത്തെ എന്റെ അവിടുത്തെ കടം തീര്‍ക്കാമെന്ന് കരുതി പറ്റ് ബുക്ക് എടുത്തപ്പോള്‍ അതില്‍ വലിയ ഒരു തുക ബില്‍ ആയി വന്നിരിക്കുന്നു. കാര്യം തിരക്കിയപ്പോള്‍ എന്റെ പേരില്‍ സുധീഷ് സ്ഥിരമായി അവിടെ വന്നു ജ്യൂസ് കുടിച്ചിരുന്നു. അങ്ങനെ സുധീഷ് അകത്താക്കിയ നിരവധി ജ്യൂസുകളുടെ പൈസ കൂടി എനിക്ക് അടയ്‌ക്കേണ്ടി വന്നു. ആ പണം ഇതുവരെയും എനിക്ക് തിരികെ നല്‍കിയിട്ടില്ല.