ചെറിയ കാര്യത്തില്‍ പോലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്: മനസ്സ് തുറന്ന് ചാക്കോച്ചൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രണയ നായകനാണ് കുഞ്ചാക്കോ ബോബൻ. താരം നിരന്തരം കേൾക്കുന്ന ചോദ്യങ്ങളാണ് ‘ഇപ്പോഴും ചെറുപ്പമാണല്ലോ? , പ്രായം തോന്നാത്തതു എന്തുകൊണ്ടാണ് ? എന്ന്. അനിയത്തിപ്രാവിലെ സുധിയില്‍ നിന്നും നിഴലിലെ മജിസ്‌ട്രേറ്റ് ജോണ്‍ ബേബിയായും നായാട്ടിലെ പ്രവീണ്‍ മൈക്കിളായും പ്രേക്ഷരെ അമ്പരിപ്പിക്കുമ്പോഴും ചാക്കോച്ചനെ പ്രായം സ്പർശിക്കുന്നില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചാക്കോച്ചൻ ഇത്തരം ചോദ്യങ്ങൾക്കും വിലയിരുത്തലുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ്.

പ്രായം കൂടുന്നു എന്ന് പറയുന്നതിനേക്കാള്‍ ചെറുപ്പമാകുന്നു, ചെറുപ്പം കൂടുന്നു എന്ന് പറയിപ്പിക്കാനുള്ള കാര്യങ്ങളാണ് താന്‍ ചെയ്യുന്നതും ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.ഒരുപാട് സ്‌ട്രെസ് ഏറ്റെടുക്കാറില്ലെന്നും എന്നാല്‍ സ്‌ട്രെസ് ഉണ്ടാവാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. സ്വയം പഠിക്കാനും വിലയിരുത്താനുമുള്ള സമയമായിട്ടാണു കൊവിഡ് ലോക്ക്ഡൗണിനെ കരുതുന്നതെന്നും അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞു. ജീവിതത്തിലെ സൗഭാഗ്യങ്ങളാണു ഞാന്‍ കൂടുതലും കണക്കാക്കുന്നത്. ബുദ്ധിമുട്ട് ഉണ്ടാവുമ്പോഴും അതിനേക്കാളുപരി ദൈവം തന്ന അനുഗ്രഹങ്ങളെ മുന്‍കൂട്ടി കാണുന്നു. എനിക്കും ചുറ്റും ഉള്ളവര്‍ക്കും നല്ല കാര്യങ്ങള്‍ ചെയ്യാനും നല്‍കാനും ശ്രമം നടത്താറുണ്ട്. ചെറിയ കാര്യത്തില്‍ പോലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ആളാണു താനെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

മനസിന്റെ സന്തോഷത്തിനും സമാധാനത്തിനുമാണു പണത്തേക്കാളും അംഗീകാരത്തേക്കാളും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ സമാധാനവും സന്തോഷവും കൂടുതല്‍ എന്റെ മുഖത്തു കാണുമായിരിക്കും. അതൊക്കെ തന്നെയായിരിക്കും ഊര്‍ജ്ജസ്വലതയില്‍ നില്‍ക്കാന്‍ സഹായിക്കുന്നത്. പുതിയ ചെറുപ്പക്കാരുമായും പഴയ ആളുകളുമായും അവരുടെ അനുഭവങ്ങള്‍ അറിയാനും പഠിക്കാനും ശ്രമം നടത്താറുണ്ട്. പുതിയ ആളുകളുടെ ജീവിതവും കാഴ്ചപ്പാടും പഠിക്കാനും എന്റെ ജീവിതത്തില്‍ പകര്‍ത്താനും ശ്രമിക്കാറുണ്ട്. തീര്‍ച്ചയായും പുതിയ ആളുകള്‍ തനിക്ക് പ്രചോദനം പകരാറുണ്ടെന്നും അതൊക്കെയായിരിക്കാം കാരണമെന്നും ചാക്കോച്ചന്‍ പറയുന്നു.

Related posts