കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നിരവധി പ്രണയചിത്രങ്ങളിലൂടെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ആയി മാറിയ ചാക്കോച്ചന്‍ ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളുമാണ് ചെയ്യുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ ഭീമന്റെ വഴിയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ മനസ് തുറക്കുകയാണ്. ചാക്കോച്ചനും സമീപ കാലത്തെ മലയാള സിനിമയുടെ മാറ്റത്തിന്റെ പാതയില്‍ മുന്നില്‍ തന്നെയുണ്ട്. ഇപ്പോഴിതാ ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ വീണ്ടും കയ്യടി നേടുകയാണ് ചാക്കോച്ചന്‍. ഭീമന്റെ വഴി തന്റെ സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നുമുള്ള വഴിമാറി നടത്തമാണ് ചാക്കോച്ചന്. കുഞ്ചാക്കോ ബോബന്‍ പറയുന്നത് താൻ പരിശ്രമിച്ച് നേടിയതാണ് ഇപ്പോള്‍ കിട്ടുന്ന കഥാപാത്രങ്ങളെല്ലാം എന്നാണ്. എന്റെ ഭാവനയില്‍ വരുന്നതാണ് എനിക്ക് ചെയ്യണം എന്നാഗ്രഹമുള്ള കഥകള്‍ . അതിനൊരു ലിമിറ്റുണ്ട്. എന്റെയടുത്ത് ആള്‍ക്കാര്‍ വന്ന് കഥ പറയുന്നത് അതിനപ്പുറമുള്ള ഭാവനയുമായാണ്. അതുകൊണ്ട് അവരോട് എനിക്ക് അത് മാറ്റി ഞാന്‍ പറയുന്നത് പോലെ ചെയ്യൂ എന്ന് പറയേണ്ട ആവശ്യം ഇല്ല. ഏറ്റവും മികച്ചതുമായാണ് അവര്‍ വരുന്നത്. ഞാന്‍ അതില്‍ എക്‌സൈറ്റഡ് ആണെന്നും ചാക്കോച്ചന്‍ പറയുന്നു. ലുക്കിലും സംസാരത്തിലും മാറ്റം വരുത്തി സിനിമ ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നു.
മറ്റൊരു കഥ പറയാനായിരുന്നു ചെമ്പന്‍ വന്നത്. പക്ഷെ അത് വളരെ ഡാര്‍ക്ക് ആയിട്ടുള്ളൊരു കഥയായിരുന്നു. അതുകൊണ്ട് മറ്റൊരു കഥ ആലോചിക്കാം എന്ന് പറഞ്ഞപ്പോഴാണ് ചെമ്പന്‍ ഭീമന്റെ കഥയുടെ വണ്‍ ലൈന്‍ പറയുന്നത്. അതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ വളരെ വ്യത്യസ്തമായി തോന്നി. കോസ്‌തേപ്പ്, ഡാര്‍സ്യൂസ്, ഗുലാന്‍ പോള്‍, അങ്ങനെ കേട്ട് പരിചയമില്ലാത്ത രസകരമായ പേരുകളും കുറച്ച് സംഭവങ്ങളും പറഞ്ഞിട്ട് ചെമ്പന്‍ പോയി. പിന്നീട് അത് ഡെവലപ്പ് ചെയ്യാന്‍ പറഞ്ഞതില്‍ നിന്നാണ് ഭീമന്റെ വഴിയുണ്ടാകുന്നതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഞാനും എന്റെ അമ്മയും ഒരുമിച്ചാണ് നായാട്ട് എന്ന സിനിമ കണ്ടത്. എന്നെ കാണിച്ച് പത്ത് സെക്കന്റ് കഴിഞ്ഞാണ് അത് ഞാനാണ് എന്ന് അമ്മയ്ക്ക് മനസിലായത്. അത് നീയാണോ എന്ന് അമ്മ എന്നോട് ചോദിച്ചു. അതാണ് ആ ചോദ്യത്തിനുള്ള ഉത്തരമെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. അതിലെ വടം വലിയൊക്കെ യഥാര്‍ത്ഥ ടീമിന്റെ കൂടെ അവരുടെ മത്സരത്തിനിടയ്ക്കാണ് ചിത്രീകരിച്ചതെന്നും താരം പറയുന്നു. ആദ്യമൊക്കെ കയ്യില്‍ തഴമ്പിനായി മേക്കപ്പ് ഇടേണ്ടി വന്നെങ്കില്‍ അത് കഴിഞ്ഞപ്പോള്‍ ശരിക്കും തഴമ്പായെന്നും പാടൊക്കെ ഇപ്പഴും കയ്യിലുണ്ടെന്നാണ് താരം പറയുന്നത്.
പൊതുവെ ജെന്റില്‍മാന്‍ ഇമേജുള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി ആളുകള്‍ കണ്ടിരുന്ന താരത്തിന്റെ നാളിതുവരെയുള്ള കരിയറില്‍ ചാക്കോച്ചന്റെ മുഖത്ത് കോഴി കൂവുന്ന ശബ്ദം വരുന്നത് ഇതാദ്യമാകും. മാറ്റത്തിന്റെ അലയൊലി കോഴിയിലൂടെ വന്നതാണോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റേയും ബാനറിന്റേയും സിംബല്‍ തന്നെ കോഴിയാണെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. അതിന്റെ ചെറിയ ലാഞ്ചന കൊണ്ടു വന്നതാണെന്നും താരം പറയുന്നു. ഭീമന്‍ എന്നത് ഒരു വിളിപ്പേരാണ്. അയാള്‍ ആള്‍ക്കാരെ വിളിക്കുന്നതും ആളുകള്‍ അയാളെ വിളിക്കുന്നതും ഭീമന്‍ എന്നത് പോലെ. നമ്മള്‍ സഖാവേ എന്ന് വിളിക്കുന്നത് പോലെയാണെന്നും താരം പറയുന്നു. കുഞ്ചാക്കോ ബോബന്റെ സിനിമകളുടെ തിരക്കഥ ഭാര്യ പ്രിയ വായിക്കാറുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ഭീമന്റെ വഴിയുടെ തിരക്കഥ പ്രിയ വായിച്ചിരുന്നില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. അതുപോലെ തന്നെ തന്റെ ഹിറ്റ് ചിത്രമായ അഞ്ചാം പാതിര സിനിമ എന്താണെന്ന് പോലും പ്രിയക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോള്‍ പക്ഷെ ഞെട്ടിപ്പോയി. അങ്ങനെയൊരു ത്രില്ലര്‍ സിനിമ ആയത് കൊണ്ട് കഥ അറിയാതെ ചെയ്യുമ്പോഴാണ് അതിന്റെ ഒരു എക്‌സ്പീരിയന്‍സ് മുഴുവനായി കിട്ടുകയുള്ളൂ. പ്രേക്ഷക എന്ന നിലയില്‍ പ്രിയ അത് മിസ് ചെയ്യരുതെന്ന് എന്നൊരു ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും അതിനാലാണ് ചിത്രത്തിന്റെ കഥ പറയാതിരുന്നതെന്നും താരം പറയുന്നു. താന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത പ്രത്യേകതകള്‍ ഉള്ള ഒരു കഥാപാത്രമാണ് ‘ഭീമന്‍’ എന്നാണ് താരം പറയുന്നത്. ഭയങ്കര നല്ലവന്‍, ഭയങ്കര മോശമായവന്‍ അങ്ങനെ അല്ലാതെ സാധാരണക്കാരന്റെ എല്ലാ സ്വഭാവങ്ങളും ഉള്ള ഒരാളാണ് ഭീമന്‍ എന്നാണ് താരം പറയുന്നത്. സിനിമ ഒരു വഴി പ്രശ്‌നം മാത്രമല്ലെന്നും ഭീമന്റെ ജീവിതത്തിലെ ഒാരോ വഴിയിലൂടെയും കടന്നു പോകുന്ന സിനിമയമാണ്. അയാളുടെ കാഴ്ചപ്പാടുകള്‍ മാറ്റുന്ന സിനിമയാണെന്നും ചാക്കോച്ചന്‍ പറയുന്നു.