ഇന്ന് മലയാളത്തിലെ ഹിറ്റ് സീരിയലുകളില്‍ മുൻപിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയ്ക്ക് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. പരമ്പരയില്‍ മീരയുടെ നായകനായി എത്തുന്നത് പ്രശസ്ത താരം കെ കെ മേനോന്‍ ആണ്. സിദ്ധര്‍ത്ഥ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ്. സീരിയലിലെ സിദ്ധാര്‍ത്ഥുമായി റിയല്‍ ലൈഫില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് താരം പറയുന്നു. സീരിയലിലേക്ക് കടന്ന് വന്നതിനെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നുണ്ട്.
താരത്തിന്റെ വാക്കുകളിങ്ങനെ, മഹാമാരി ഒക്കെ വന്ന സമയത്ത് സിനിമയില്‍ നിന്നും ഓഫറുകളൊന്നും ഇല്ലായിരുന്നു. അപ്പോഴാണ് കുടുംബവിളക്കില്‍ നിന്നും ഓഫര്‍ ലഭിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് എന്നെ വിളിച്ചത്. സീരിയലിലേക്ക് താനില്ല. ഏതെങ്കിലും സിനിമയില്‍ ചെറിയൊരു വേഷം ആണെങ്കിലും കുഴപ്പമില്ലെന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു. ഏഷ്യാനെറ്റിന് വേണ്ടിയാണ്. ഇതൊരു നല്ല റോളായിരിക്കുമെന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. രജനികാന്ത്, ബാല, ഫഹദ് തുടങ്ങി നിരവധി നായകന്മാരുടെ കൂടെ ഞാന്‍ അഭിനയിച്ചിരുന്നു. പക്ഷേ എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് പറയുന്നത് ഞാന്‍ ഏഷ്യാനെറ്റില്‍ വരിക എന്നുള്ളതാണ്. രജനികാന്തിന്റെ സിനിമയിലൊക്കെ താനുണ്ടെന്ന് പറഞ്ഞാലും അതൊക്കെ ഇരിക്കട്ടേ, നീ ഏഷ്യാനെറ്റില്‍ എപ്പോഴാണ് വരിക എന്നായിരിക്കും ചോദിക്കുക എന്നും അമ്മ പറയും. അങ്ങനെ ആ റോള്‍ ചെയ്യാമെന്ന് വിചാരിച്ചു. കോര്‍പറേറ്റ് ഹെഡിന്റെ കഥാപാത്രമാണ്. എനിക്ക് ചേരുമെന്ന് അവര്‍ സൂചിപ്പിച്ചിരുന്നു. മീര വാസുദേവ് ആണ് നായികയായി വരുന്നതെന്നും മറ്റ് വലിയ താരനിര അതിലുണ്ടെന്നും അതിന് ശേഷമാണ് അറിഞ്ഞത്. ഇത്രയും ഹിറ്റായി മാറുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. കാരണം മലയാളത്തില്‍ നിന്നും സീരിയല്‍ കിട്ടി, ചെയ്യുന്നു എന്നേ വിചാരിച്ചിരുന്നുള്ളു.
കുടുംബവിളക്കിന് മുന്‍പ് മലയാളത്തില്‍ ഒരു സീരിയലില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിലെനിക്ക് കിട്ടിയ ഭാഗ്യം ടൈറ്റില്‍ റോള്‍ ലഭിച്ചു എന്നുള്ളതാണ്. എങ്കിലും അധികമത് മുന്നോട്ട് പോയില്ല. ആ സമയത്തും അമ്മ ഏഷ്യാനെറ്റില്‍ പോവണമെന്നായിരിക്കും പറയുക. ഒടുവില്‍ അവിടെ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്കാരിയ്ക്ക് സന്തോഷമായി. അങ്ങനെയാണ് കുടുംബവിളക്കില്‍ കയറി സിദ്ധാര്‍ഥ് ആയി മാറിയത്. സിദ്ധാര്‍ഥ് ആയി ജീവിക്കുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷേ ആ കഥാപാത്രം ഉള്ളിലുണ്ടാവും. യഥാര്‍ഥ ജീവിതത്തില്‍ സിദ്ധാര്‍ഥുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എവിടെ ഉള്ളവര്‍ ആണെങ്കിലും ഒരുവിധം കേരളത്തിലെ എല്ലാവര്‍ക്കും സിദ്ധാര്‍ഥിനെ അറിയാമെന്നാണ് വിചാരിക്കുന്നത്. സീരിയലിന് പുറമേ മൂന്ന് മലയാള സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഉയരെ എന്ന ചിത്രത്തിലാണ് കുറച്ച് പ്രധാനമുള്ള കഥാപാത്രം ചെയ്തത്. സീരിയലില്‍ കയറിയതിന് ശേഷം സിനിമയില്‍ നിന്നും കുറച്ച് വിട്ട് നില്‍ക്കുകയാണ്. സമയത്തിന്റെ പ്രശ്നമാണ് അതിന് കാരണം. തമിഴിലും ഒരു സിനിമ ഒരുങ്ങുന്നുണ്ട്.