കലാഭവൻ മണി മലയാളത്തിന്റെ സ്വന്തം മണി നാദം. സാധാരക്കാരനായി തുടങ്ങി തെന്നിന്ത്യ മുഴുവനും തന്നെ തന്റെ വെന്നിക്കൊടി പാറിച്ച അസാമാന്യ പ്രതിഭ. അഭിനയം മിമിക്രി ഗായകൻ അങ്ങനെ ബഹുമുഖ പ്രതിഭകൂടിയായിരുന്നു മണി. ഇപ്പോഴും മലയാളികള്‍ക്ക് കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്റെ വിയോഗം സഹിക്കാനും വിശ്വസിക്കാനുമായിട്ടില്ല. കലാഭവനില്‍ എത്തിയത് മുതലാണ് മണി അറിയപ്പെട്ട് തുടങ്ങുന്നത്. സിനിമയില്‍ എത്തിയതോടെ പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. നായകനായും വില്ലനായും സഹനടനായും കൊമേഡിയനായുമൊക്കെ മണി തിളങ്ങി. ഇപ്പോള്‍ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോള്‍ മണിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത മിമിക്രി കലാകാരൻ കെ എസ് പ്രസാദ്.
മണി എന്ന് പറയുമ്പോള്‍ എനിക്ക് ആദ്യം ഒര്‍മ വരുന്നത് ഒരു കാക്കി ഷര്‍ട്ട് ഇട്ടുകൊണ്ടാണ് മണി, കലാഭവനിലെ ആറാം നമ്പര്‍ മുറിയിലേക്ക് ഇന്റര്‍വ്യുവിനായി വരുന്ന രംഗമാണ്. അവിടെ വന്ന് എലിയായും കാക്കയായും പൂച്ചയായും നരിയായും എല്ലാം ഒറ്റ നിമിഷം കൊണ്ട് മാറി. പ്രാസം ഒപ്പിച്ചു കൊണ്ട് സംസാരിച്ചും ഞെട്ടിച്ചു. അന്ന് തന്നെ സെലക്ട് ചെയ്തു. രണ്ട് ഷോ കഴിഞ്ഞപ്പോഴേക്കും മണി ശ്രദ്ധിയ്ക്കപ്പെട്ടു. അടുത്ത ഷോ മുതല്‍ കലാഭവന്‍ മണി എന്ന പേര് പോസ്റ്ററുകളില്‍ വന്നു. ഞാനാണ് ആ പേര് കൊടുത്തത്. അത് ശേഷം മണി സിനിമയിലേക്ക് വന്നു. കുറേ കാലം കഴിഞ്ഞപ്പോള്‍ തമ്മിലുള്ള ടച്ച് വിട്ടുപോയി. പിന്നെ അവസാനമായി കണ്ടത് മണിയുടെ മൃതദേഹമാണ്.
ഇവിടെ പറയാമോ എന്ന് എനിക്കറിയില്ല്. മണി പോയ വിവരം അറിഞ്ഞ് ഞങ്ങള്‍ ഹോസ്പിറ്റലിലെത്തി. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു. അവിടെ ജന ലക്ഷങ്ങളാണ് ഉള്ളത്. അത്രയധികം ജനങ്ങള്‍ തങ്ങി നില്‍ക്കുന്ന കൂട്ടത്തില്‍ ഞാനും നിന്നു. പെട്ടന്ന് എന്നെ മാത്രം ഒരാള്‍ വിളിച്ചു, മണി ചേട്ടനെ കാണണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അതെ എന്ന് പറഞ്ഞു.. അയാള്‍ എന്നെ അകത്തേക്ക് കൊണ്ടു പോയി. അയാളോടൊപ്പം അകത്തേക്ക് പോയപ്പോള്‍ ഒരു മുറിയില്‍ കലാഭവന്‍ മണിയുടെ മൃതദേഹം, തനിച്ച് കിടക്കുന്നു. വേറെ ആരുമില്ല. ഞാനും മണിയും മാത്രം. അപ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു, കൂട്ടിക്കെട്ടാന്‍ ആ കാല്‍ ഒന്ന് പൊക്കി തരാമോ എന്ന്. ഞാന്‍ മണിയെ തൊട്ടു.. കാലില്‍.. പിന്നെ കൈയ്യില്‍ ഒന്ന് പിടിച്ചു. അപ്പോള്‍ ഞാന്‍ ഓര്‍ത്തു, കലാഭവനില്‍ മണി വന്ന സമയത്ത് കുറേ സമയം ആ മുറിയില്‍ ഞങ്ങള്‍ രണ്ട് പേരും മാത്രം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ അവസാന നിമിഷത്തിലും. ആ മുറിയില്‍ പത്ത് മിനിട്ടോളം ഞാന്‍ മണിയുടെ അടുത്ത് ഉണ്ടായിരുന്നു. പുറത്തേക്ക് പോയപ്പോള്‍ പിന്നെ പിടിവിട്ടു പോയി. അത്രയധികം ജനങ്ങളാണ് തടിച്ചു കൂടിയത് പ്രദീപ് പറഞ്ഞു.