സ്വന്തമായൊരു വീട് എന്ന കൊല്ലം സുധിയുടെ സ്വപ്നം പൂവണിയുന്നു!

കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് കൊല്ലം സുധി. പല ചിത്രങ്ങളിലും കോമഡി കഥാപാത്രങ്ങളെ സുധി അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ചാനൽ പരിപാടിയിലും സുധി സ്ഥിരം സാന്നിധ്യമായിരുന്നു. കൊല്ലം സുധി എന്ന ആ അതുല്യ കലാകാരന്റെ വിയോഗം കേരളം ഞെട്ടലോടെയാണ് കേട്ടത്. സുധി സഞ്ചരിച്ച കാർ എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം.

വാടകവീട്ടിൽ കഴിയുന്ന കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിൽ ചങ്ങനാശ്ശേരിയിലെ ഏഴ് സെന്റ് സ്ഥലമാണ് രജിസ്റ്റാർ ചെയ്ത് നൽകിയത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.’എന്റെ കുടുംബസ്വത്തിൽ നിന്നുള്ള ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നൽകിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷൻ പൂർണമായും കഴിഞ്ഞു.

സുധിയ്ക്ക് പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്.വീടു പണി ഉടൻ തുടങ്ങും’ ബിഷപ് പറഞ്ഞു. സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് വരെ അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും ഭാര്യ രേണു പ്രതികരിച്ചു. ഫ്ലവേഴ്സും 24 ചാനലും ഒപ്പം കേരള ഹോം ഡിസൈൻ എന്ന ഫേസ്ബുക് കൂട്ടായിമയും ചേർന്നാണ് ഈ സ്വപ്നഭവനത്തിന്റെ നിർമാണത്തിനായി വഴിയൊരുക്കുന്നത്.

Related posts