മലയാളികളുടെ പ്രിയപ്പെട്ട കുടുംബ പരമ്പരയാണ് സ്വന്തം സുജാത. ഒരു കുടുംബിനിയുടെ കഥയാണ് പരമ്പര പറയുന്നത്. കേന്ദ്രകഥാപാത്രമായ സുജാതയായി എത്തുന്നത് ചന്ദ്ര ലക്ഷ്മൺ ആണ്. പരമ്പരയിലെ നായക കഥാപാത്രമായി എത്തുന്നത് കിഷോര്‍ സത്യയാണ്. ഇപ്പോള്‍ വേറിട്ട കഥയുമായി ആരംഭിച്ചതാണെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇഷ്ടത്തിലാണ് സീരിയലിന്റെ കഥ മുന്നോട്ട് പോയതെന്ന് പറയുകയാണ് താരം. തുടക്കത്തില്‍ റേറ്റിംഗ് ഇല്ലായിരുന്ന പരമ്പരയ്ക്ക് പിന്നീട് അത് ലഭിച്ചത് എങ്ങനെയെന്നും ഒരു അഭിമുഖത്തില്‍ കിഷോര്‍ വ്യക്തമാക്കി.
കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെ, കൊവിഡിന്റെ തുടക്ക സമയത്ത് എന്ത് ചെയ്യണം എന്നിങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ് സ്വന്തം സുജാതയില്‍ നിന്നും ഓഫര്‍ വരുന്നത്. അങ്ങനെയാണ് വീണ്ടും സീരിയലിലേക്ക് എത്തിയത്. ഞാന്‍ ടെലിവിഷനില്‍ എപ്പോഴും ചെയ്തിരുന്നത് ആര്‍ക്കും റോള്‍ മോഡല്‍ ആക്കാന്‍ പറ്റുന്ന ഭര്‍ത്താവിന്റെ വേഷങ്ങളായിരുന്നു. സുജാതയിലേക്ക് വരുമ്പോള്‍ കഥ വ്യത്യസ്തമാണ്. ട്രാന്‍സിലും ഡയമണ്ട് നെക്ലേസിലുമൊക്കെ ഫഹദ് ചെയ്യുന്നത് പോലൊരു കഥാപാത്രമാണെന്നാണ് തിരക്കഥാകൃത്ത് എന്നോട് പറഞ്ഞിരുന്നത്. അയാള്‍ അയാളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുകയാണ്. ഒരു വെല്ലുവിളി പോലെയാണ് ഞാനത് ചെയ്യാം എന്ന് തീരുമാനിക്കുന്നത്. പണ്ട് കഥാപരമായിട്ടും സൗന്ദര്യപരമായിട്ടും നല്ല സീരിയലുകള്‍ ഉണ്ടായിരുന്നു. വ്യത്യസ്തമായി ചെയ്യണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. കൊവിഡ് വന്ന് ബിസിനസ് പൊളിഞ്ഞ് ഇരിക്കുകയായിരുന്നു ഞാന്‍. അന്ന് അഞ്ചാറ് കിലോ കുറഞ്ഞ്, താടി ഒക്കെ നീട്ടി വളര്‍ത്തി. അത് സീരിയലിലെ കഥാപാത്രത്തിലേക്കും ആക്കി. ചന്ദ്ര ആണെങ്കില്‍ അഞ്ച് കിലോ വെയിറ്റ് ഒക്കെ കൂട്ടുകയും നൈറ്റിയാണ് കഥാപാത്രത്തിന് വേണ്ടി ധരിച്ചത്. നൈറ്റി ഇട്ട ഒരു നായികയെ പോലും മലയാള സീരിയലില്‍ കണ്ടെന്ന് വരില്ല.
ഞാനാണെങ്കില്‍ കൈലി മുണ്ടും ബനിയനുമൊക്കെ ഇട്ട് വളരെ റിയലിസ്റ്റിക്കായി മാറി. പശുവും കോഴിയുമൊക്കെ ഉണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ പ്രേക്ഷകര്‍ അത് കണ്ടില്ല. അതോടെ ടിആര്‍പി റേറ്റിങ്ങില്‍ താഴെ പോവുകയും ചെയ്തു. ഒന്നുകില്‍ സീരിയല്‍ നിര്‍ത്താം. അല്ലെങ്കില്‍ സ്ഥിരം സീരിയലുകളിലെ പോലെ ആക്കേണ്ടിയും വരും. അങ്ങനെ ഞങ്ങള്‍ മാറ്റം വരുത്തിയതോടെ ഇപ്പോള്‍ സൂര്യ ടിവിയിലെ സീരിയലുകളില്‍ ഒന്നാം സ്ഥാനത്ത് പോവുകയാണ്. എന്ത് കൊണ്ടാണ് സീരിയലുകളുടെ നിലവാരം പോകുന്നത്. ഇതൊരു ബിസിനസ് ആണ്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് തന്നെ കൊടുക്കണം എന്ന് നമ്മള്‍ നിര്‍ബന്ധിതര്‍ ആവുകയാണ്. പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് കാണാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ മാത്രമേ നല്ലത് വരികയുള്ളു. 22 എപ്പിസോഡുകള്‍ ഞങ്ങള്‍ നന്നായി ചെയ്തിട്ടും പ്രേക്ഷകര്‍ അത് നിരാകരിക്കുകയായിരുന്നു. പ്ലാസ്റ്റിക് മുല്ലപ്പൂവൊക്കെ ചൂടി, പട്ട് സാരി ഉടുത്തും ലിപ്സ്റ്റിക് ഇട്ടും ഉറങ്ങുന്ന ആളുകളെ കണ്ട് ശീലിച്ചത് കൊണ്ടാണോ, അങ്ങനെയാവണം എന്ന് വിചാരിക്കുന്നത് കൊണ്ടാണോന്ന് അറിയില്ല. എന്തായാലും പ്രേക്ഷകര്‍ കുറേ കൂടി നന്നായാല്‍ മാത്രമേ നല്ല സീരിയലുകളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു .