ഇന്ത്യൻ സിനിമാ ആരാധകരെ ആവേശംകൊള്ളിച്ച് കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ 14ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. കൊവിഡ് കാരണം ചിത്രത്തിന്റെ റിലീസ് തിയതി നിരവധി തവണ മാറ്റി വച്ചിരുന്നു. 2019 മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊവിഡ് കാരണം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് പുനരാരംഭിച്ച ചിത്രീകരണം ഈയിടെയാണ് പൂര്‍ത്തിയായത്.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് നടന്‍ പൃഥ്വിരാജും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കെ.ജി.എഫ് 2 കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. കെ.ജി.എഫിന്റെ ആദ്യഭാഗം വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. അന്നുമുതല്‍ തന്നെ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍.
നായകന്‍ യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. യഷിന്റെ റോക്കി എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. 2018 ലായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്