കെജിഎഫ് 2 ന്റെ തെന്നിന്ത്യൻ ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വര്‍ക്കിന്!!

ഇന്ത്യന്‍ സിനിമാപ്രേമികളില്‍ ആഘോഷമാക്കിയ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. കന്നഡ ചിത്രമായ കെജിഎഫിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോകുകയായിരുന്നു. ഇതിനോടകം ചിത്രത്തിന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് വന്‍ ഓഫറുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ചിത്രം തിയറ്ററുകളിലേ റിലീസ് ചെയ്യുന്നുള്ളു എന്ന തീരുമാനത്തിലാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സംബന്ധിച്ച് കരാര്‍ ആയി എന്ന വാർത്തയാണ് ശ്രദ്ധനേടുന്നത്.

ചിത്രത്തിന്റെ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വര്‍ക്കിന് ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സീ നെറ്റ്‍വര്‍ക്കിനു കീഴില്‍ വരുന്ന ചാനലുകള്‍ വഴി ആയിരിക്കും ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയറുകള്‍ പ്രദർശിപ്പിക്കുക. 2020 ഒക്ടോബര്‍ 23 ആണ് കെജിഎഫ് 2ന്‍റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. പുതിയ തീയതി തിയറ്ററുകള്‍ സജീവമാകുന്ന സമയത്തേക്ക് പ്രഖ്യാപിക്കും. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.

90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

Related posts