സൗത്ത് ഇന്ത്യന്‍ സിനിമയിൽ ഇപ്പോൾ തിരക്കേറിയ നായിക ആരെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരം കീര്‍ത്തി സുരേഷ് എന്നാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും സൂപ്പർ താരചിത്രങ്ങൾ ഉൾപ്പടെ തിരക്കിലാണ് ഇന്ന് കീർത്തി. അടുത്തിടെ ഇറങ്ങിയ കീർത്തി ചിത്രങ്ങളെല്ലാം തന്നെ വൻവിജയവുമായിരുന്നു. രജനികാന്ത്, മോഹൻലാൽ, ദിലീപ്, വിജയ്, മഹേഷ് ബാബു, സൂര്യ, ശിവകാർത്തികേയൻ, തുടങ്ങി നിരവധി മുൻ നിര താരങ്ങളോടും കീർത്തി സ്ക്രീൻ പങ്കിടുന്നു.
ആ സമയത്താണ് കീര്‍ത്തിയുടെ സ്വപ്‌ന ചിത്രം പ്രഖ്യാപിച്ചത്. സര്‍ക്കാരു വാരി പാട എന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനൊപ്പമാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. ഇതാദ്യമായാണ് കീര്‍ത്തിയും മഹേഷ് ബാബുവും സ്‌ക്രീന്‍ പങ്കിടുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു കീര്‍ത്തി സുരേഷിന്റെ ഈ സ്വപ്‌ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു എന്ന്. കൊവിഡ് രണ്ടാം ഘട്ടം അതി ശക്തമായതോടെ സെറ്റില്‍ എല്ലാവരും കൊവിഡ് പരിശോധന നടത്തണം എന്ന് സംവിധായകന്‍ പരശുറാം നിര്‍ബന്ധം പിടിച്ചു. ടെസ്റ്റ് ചെയ്തതില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. ഇതോടെ ഹൈദരബാദില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ഷൂട്ടിങ് പെട്ടന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ഇനി എന്ന് പുനരാരംഭിയ്ക്കാന്‍ സാധിയ്ക്കും എന്ന് പറയാന്‍ കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പറയുന്നത്. രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന അണ്ണാത്തെ എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണവും നിലവില്‍ ഹൈദരബാദില്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ടൊവിനോ തോമസ് നായകനായി എത്തുന്ന വാശി എന്ന മലയാള സിനിമയിലും, സംവിധായകന്‍ സെല്‍വരാഘവന്‍ ആദ്യമായി അഭിനയിക്കുന്ന സാനി കായിതം എന്ന ചിത്രത്തിലും കീര്‍ത്തി തന്നെയാണ് നായിക.