ഇന്ന് 37-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി കാവ്യാ മാധവൻ. കാവ്യ ജനിച്ചത് 1984 സെപ്റ്റംബര്‍ 19ന് ആയിരുന്നു. മുൻനിര നായകന്മാരോടൊപ്പം നായികയായി തിളങ്ങിയ താരം ബാലതാരമായാണ് സിനിമയിലെത്തിയത്. കാവ്യ പല വിവാദങ്ങളിലും നിറഞ്ഞ് നിന്ന ഒരു നായികയാണ്. കാവ്യ കാസർകോഡ് നീലേശ്വരം സ്വദേശിയാണ്. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും നിരവധി ആരാധകരാണ് കാവ്യയ്ക്ക് ഉള്ളത്. ആരാധകര്‍ ഇപ്പോള്‍ തങ്ങളുടെ ഇഷ്ട നടിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് .
ഇപ്പോഴിതാ, മീനാക്ഷിയും കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി ആശംസ നേർന്നിരിക്കുന്നത്. “ഹാപ്പി ബർത്ത്ഡേ, ഐ ലവ് യൂ” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്നേഹം എന്നും ഇതുപോലെ തുടരട്ടെയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയുടെ പിറന്നാളും ഇന്നാണ്. നമിതക്കും മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. “ഹാപ്പി ബർത്ത്ഡേ ടു മൈ സിസ്റ്റേഴ്സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്” എന്ന് കുറിച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ലാണ് കാവ്യ മാധവന് അഭിനയ രംഗത്ത് എത്തുന്നത്. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഡാര്‍ലിങ്, ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമന്, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, മീശമാധവന്, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാല്‍കല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവില്‍ പിന്നെയും എന്ന ചിത്രം വരെ കാവ്യ അഭിനയിച്ചു. പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് കാവ്യയയെ തേടിയെത്തി.
2009ല്‍ നിശാല്‍ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം 2011ല്‍ അവസാനിച്ചു. 2016ല്‍ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പിന്നീട് കാവ്യയുമായുള്ള വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. 2018 ഒക്ടോബര്‍ 19നായിരുന്നു മകള്‍ ജനിച്ചത്. ശേഷമുള്ള കാവ്യയുടെ മൂന്നാമത് പിറന്നാള്‍ ദിനമാണിന്ന്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്.