‘കരുവ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടുമൊരു ഒടിയൻ എത്തുകയാണ്. ത്രില്ലർ ഗണത്തിൽ പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതയായ ശ്രീഷ്മ ആർ മേനോൻ ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീഷ്മ തന്നെയാണ് എഴുതിയിരിക്കുന്നത്.ഈ ചിത്രം നിർമ്മിക്കുന്നത് പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആൽഫാ ഓഷ്യൻ എന്റർടൈൻമെന്റസിന്റെ ബാനറിൽ സുധീർ ഇബ്രാഹിം ആണ്.
ചിത്രം പ്രഖ്യാപിച്ചതോടെ സിനിമാ പ്രേമികൾ ,മോഹൻലാൽ നായകനായ ശ്രീകുമാർ ചിത്രം ഒടിയനുമായി ചേർത്തു വച്ചാണ് നോക്കി കാണുന്നത്. സംവിധാനം നിർവഹിക്കുന്നത് ഒരു മെഡിക്കൽ വിദ്യാർത്ഥി ആണെന്നുള്ള പ്രത്യേകതയും കരുവിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ്. സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രദ്ധേയനായ യുവ ഛയാഗ്രഹകനായ ടോണി ജോർജ്ജ് ആണ്.
എഡിറ്റിംഗ് നിർവഹിക്കുന്നത് ഹാരി മോഹൻദാസ് ആണ്. റോഷനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൗടില്യ പ്രൊഡക്ഷൻസാണ് . പ്രോജക്ട് ഡിസൈനർ- റിയാസ് എം ടി, സായ് വെങ്കിടേഷ്. പി.ആർ. ഒ – പി ശിവപ്രസാദ്. സ്റ്റിൽസ് – വിഷ്ണു രഘു. ഡിസൈൻ – അരുൺ കൈയല്ലത്ത്. ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കണ്ണൻ പട്ടാമ്പി,പെരുമുടിയൂർ സുമേഷ്, വിനു മാത്യൂ, കുളപ്പുള്ളി ലീല എന്നിവരാണ്.മെയ് മാസത്തോടെ ചിത്രം റിലീസ് ആവും എന്നാണ് റിപ്പോർട്ടുകൾ.