എട്ടുവയസ്സുകാരിയെ നായകടിച്ചു, നായയുടെ ഉടമകളായ ദമ്പതികൾക്കെതിരെ കേസ്

എട്ടുവയസുകാരിയെ വളര്‍ത്തു നായ കടിച്ച സംഭവത്തില്‍ നായയുടെ ഉടമകളായ ദമ്ബതികള്‍ക്കെതിരെ കേസ്. കര്‍ണാടക കോറമംഗല സ്വദേശികളായ സിദ്ധാര്‍ഥ്-ആസ്ത ദമ്ബതികള്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കഴി‍ഞ്ഞ ശനിയാഴ്ചയാണ് പാവ്നി ശ്രിയ എന്ന എട്ടുവയസുകാരിക്ക് കടിയേറ്റത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ട് നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം.

സിദ്ധാര്‍ഥും ആസ്തയും തങ്ങളുടെ വളര്‍ത്തു നായയെ കെട്ടഴിച്ച്‌ വിടുന്നതിനെ ചൊല്ലി നേരത്തെ തന്നെ അയല്‍വാസികളുമായി തര്‍ക്കമുണ്ടായിരുന്നു. കുട്ടികള്‍ കളിക്കുന്ന സ്ഥലത്ത് നായയെ ഇങ്ങനെ അഴിച്ചു വിടുന്നത് ചോദ്യം ചെയ്ത് പാവ്നിയുടെ അമ്മ ഭാഗ്യലക്ഷ്മി തന്നെ ഇവരുമായി പ്രശ്നം ഉണ്ടാക്കിയിരുന്നതാണ്. ഇതിനു ശേഷമാണ് കുട്ടിക്ക് കടിയേല്‍ക്കുന്നതും.പാവ്നിയുടെ കയ്യിലാണ് കടിയേറ്റത്.

ആഴത്തില്‍ മുറിവേറ്റ കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മയാണ് പട്ടിയെ ഓടിച്ച്‌ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇതിന് പിന്നാലെ ഭാഗ്യലക്ഷ്മി നായയുടെ ഉടമകളെ കണ്ട് കാര്യം പറഞ്ഞെങ്കിലും അവര്‍ വഴക്കുണ്ടാക്കുകയാണ് ചെയ്തത്. നായയ്ക്ക് പേവിഷ പ്രതിരോധ വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്നാണ് ആരോപണം, നായയുടെ കടിയേറ്റ മകളെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ തേടിയ ശേഷമാണ് ഭാഗ്യലക്ഷ്മി, ദമ്ബതികള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അറിയിച്ചത്.

Related posts