2016 ലാണ് ഒരുകൂട്ടം ചെറുപ്പക്കാർ കരിക്ക് എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. മലയാളികള്‍ അന്നേവരെ കാണാതെ രീതിയിലുള്ള തമാശ വീഡിയോകള്‍ കരിക്കിനെ ജനപ്രിയമാക്കി. പിന്നീട് ആ ചെറുപ്പക്കാരും ഒപ്പം കരിക്ക് എന്ന ചാനലും വളർന്നു. ഇന്ന് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കരിക്ക്. തേര പാര എന്ന മിനി വെബ്സീരീസ് വഴിയാണ് കരിക്കും അതിലെ അഭിനേതാക്കളും ജനപ്രീതി നേടുന്നത്. നിഖില്‍ പ്രസാദാണ് കരിക്കിന്റെ അമരക്കാരന്. നിലവില്‍ കരിക്കിന് യൂട്യൂബില്‍ 75 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കരിക്കില്‍ പുതിയ ഒരു വീഡിയോയായ കലക്കാച്ചി പുറത്തുവന്നത്.
വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കലക്കാച്ചിയില്‍ അഭിനയിച്ച ഒരോ ആളുകളുടെയും പ്രകടനത്തിന് മികച്ച അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കലക്കാച്ചിയില്‍ പൊലീസുകാരനായി എത്തിയ അനു കെ.അനിയന്റെ റോളിനാണ് ഏറ്റവും കൂടുതല്‍ കൈയ്യടി ലഭിക്കുന്നത്. അനു കെ. അനിയന് എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും കരിക്കിലെ തേരാ പാര എന്ന വെബ് സീരിസിലെ കഥാപാത്രമായ ജോര്‍ജ് എന്ന പേരാണ് ആരാധകര്‍ക്ക് കൂടുതല്‍ പരിചയം. പുതിയ വീഡിയോയായ കലക്കാച്ചിയില്‍ അനു.കെ അനിയന്റെ അഭിനയ മികവ് എടുത്ത് കാട്ടുന്ന റോളാണ് ലഭിച്ചത്. ഒരേ സമയം വ്യത്യസ്ത ഇമോഷന്‍സിലൂടെ കടന്നുപോകുന്ന റിട്ടേയേര്‍ഡ് ചെയ്യാന്‍ കുറച്ച് കാലം മാത്രം ബാക്കിയുള്ള എസ്.ഐ പ്രെമോഷന് വേണ്ടി കാത്തിരിക്കുന്ന വിജയന് എന്ന പൊലീസുകാരനായിട്ടാണ് അനു കെ. അനിയന് കലക്കാച്ചിയില്‍ എത്തുന്നത്. കോമഡി, മാസ്, സെന്റി തുടങ്ങി നിരവധി ഇമോഷന്‍സിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് വിജയന്. കലക്കാച്ചിയിലെ രണ്ടാം ഭാഗത്തിലെ വീഡിയോ കോള്‍ സീന്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അര്ജുന് രത്തന്‍ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. സിദ്ധാര്‍ഥ് കെ.ടി. ഛായാഗ്രഹണവും ആനന്ദ് മാത്യൂസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചാള്‍സ് നസ്റത്ത് ആണ് സംഗീതം. കൃഷ്ണ ചന്ദ്രന്, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി അലോഷ്യസ്, ജീവന് സ്റ്റീഫന്‍, മിഥുന് എം ദാസ്, കിരണ്‍ വിയ്യത്ത്, ബിനോയ് ജോണ്‍, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ.സി, സിറാജുദ്ധീന്, നന്ദിനി, അര്ജുന് രത്തന്‍, അനു കെ അനിയന്, വിഷ്ണു, അമല്‍ അമ്പിളി, വിവേക് , അരൂപ്, ഹരികൃഷ്ണ തുടങ്ങിവരാണ് സീരീസില്‍ അഭിനയിക്കുന്നത്.