‘കരിക്ക്’ താരം ശ്രുതിയും ‘പാൽതു ജാൻവർ’ സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി!

യുട്യൂബ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ് കരിക്ക്. നിരവധി ആരാധകരാണ് കരിക്ക് വീഡിയോസിന് ഉള്ളത്. കരിക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രുതി സുരേഷ്. ശ്രുതി സുരേഷും പാല്‍തു ജാന്‍വര്‍ എന്ന സിനിമയുടെ സംവിധായകൻ സംഗീത് പി രാജന്‍ ഇന്ന് വിവാഹിതരായി. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്.

കരിക്കിന്‍റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്സ് തുടങ്ങിയ മിനി സിരീസുകളിലൂടെയാണ് ശ്രുതി പ്രേക്ഷകശ്രദ്ധ നേടിയത്. ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി ഗാന്‍ഡന്‍സ് തുടങ്ങിയ സിനിമകളിലും ശ്രുതി സുരേഷ് ഇതിനകം അഭിനയിച്ചിട്ടുണ്ട്. സംഗീതിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘പാല്‍തു ജാന്‍വറിലെ’ നായികയും ശ്രുതി ആയിരുന്നു. ഓണം റിലീസ് ആയി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പമുള്ള പ്രവര്‍ത്തി പരിചയവുമായാണ് സംഗീത് പി രാജന്‍ ആദ്യ ചിത്രമായ പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്യുന്നത്. ആദ്യചിത്രം ഭാവനാ സ്റ്റുഡിയോസ് എന്ന വലിയ ബാനറില്‍ ഒരുക്കാനായി എന്നത് ഒരു പുതുമുഖ സംവിധായകനെന്ന നിലയിൽ സംഗീതിന് ലഭിച്ച നേട്ടമായിട്ടാണ് വിലയിരുത്തുന്നത്. ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍, ദിലീഷ് പോത്തന്‍ എന്നിവരുടെ സംയുക്ത നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.

Related posts