അതിൽനിന്നും രക്ഷപ്പെടാനാണ് ഞാൻ വീഡിയോകൾ ചെയ്തുതുടങ്ങിയത്: തുറന്നു പറഞ്ഞ് കരിക്ക് താരം

കരിക്ക് എന്ന വെബ് സീരീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ തരംഗമായി മാറിയ ഒന്നായിരുന്നു. ഓൺലൈനിൽ വളരെയധികം പ്രേക്ഷകരുള്ള ഒരു സീരീസ് കൂടിയാണ് കരിക്ക്. ലക്ഷക്കണക്കിന് ആളുകളാണ് പുറത്തിറങ്ങി നിമിഷനേരം കൊണ്ട് വീഡിയോ കാണുന്നത്. ഒരുകൂട്ടം കലാകാരന്മാരുടെ മികച്ചപ്രകടനത്തിലൂടെയാണ് കരിക്ക് ഹിറ്റായി മാറിയത്. കരിക്ക് ടീമിലെ ഒരു താരമാണ് കൃഷ്ണചന്ദ്രൻ. കൃഷ്ണചന്ദ്രൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത് രസകരമായ, നർമം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ്. ഇപ്പോൾ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം.

കരിക്കിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കൃഷ്ണചന്ദ്രൻ കരിക്ക് സീരിസിൽ തിളങ്ങിയത് ഭവാനിയമ്മ, സുര നമ്പൂതിരി, രതീഷ് സാർ, പ്രച്ഛന്നൻ പ്രകാശൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ്. ആലപ്പുഴ ഹരിപ്പാടിനടുത്ത് കടവൂർ സ്വദേശിയാണ് കൃഷ്ണചന്ദ്രൻ. ബുദ്ധിമുട്ടുകൾ അറിയാതെയുള്ള ബാല്യമായിരുന്നു തന്റേതെന്ന് നടൻ പറയുന്നു. ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും അധികം അറിയിക്കാതെയാണ് അച്ഛനുമമ്മയും വളർത്തിയത്. അമ്മയാണ്‌ എന്റെ ഒരു റോൾ മോഡൽ എന്നും താരം പറഞ്ഞു. ശരിക്കും സ്‌ട്രെസ്‌ഫുൾ ആയിട്ടുള്ള കോളേജ് ജീവിതമായിരുന്നു എന്റേത്. അതിൽനിന്നും രക്ഷപ്പെടാനാണ് താൻ വീഡിയോകൾ ചെയ്തുതുടങ്ങിയതെന്നും നടൻ വ്യക്തമാക്കി.

കൺട്രി ഫെലോസ് എന്ന പേരിൽ തുടങ്ങിയ വീഡിയോകൾ കണ്ടിഷ്ടമായിട്ടാണ് കരിക്ക് ഫൗണ്ടർ നിഖിൽ എന്നെ കരിക്കിലേക്ക് വിളിച്ചത്. എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് കുടുംബമാണ് എന്നും കൃഷ്ണചന്ദ്രൻ പറയുന്നു. എന്റെ ഇഷ്ടങ്ങളുടെ പിറകെ വിടാൻ അവർ ധൈര്യം കാണിച്ചു. ഷൂട്ട് ചെയ്യാനുള്ള ആദ്യ ക്യാമറ അമ്മയാണ് വാങ്ങിത്തന്നത്. ആദ്യമൊക്കെ നാട്ടുകാർ, ചുമ്മാ, ക്യാമറയും തൂക്കി നടക്കുവാ എന്നൊക്കെ പറഞ്ഞ് കളിയാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ കട്ട സപ്പോർട്ടാണ് ലഭിക്കുന്നതെന്നും താരം പറയുന്നു. ഉള്ളതെല്ലാം സ്വരുക്കൂട്ടി വച്ചാണ് ഒരുനില വീട് പണി തീർത്തത്. അച്ഛന്റെയും അമ്മയുടെയും ഏറെക്കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നും നടൻ പറയുന്നു.

Related posts