കനി കുസൃതി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കേരള കഫൈ, ശിക്കാർ, കോക്ടെയിൽ, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ കനി തമിഴിലും ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചു. നടിയെന്നതിൽ ഉപരി തന്റെ നിലപാടുകൾ വിളിച്ചു പറയാൻ യാതൊരു മടിയും നടി കാണിക്കാറുമില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീൻ എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദമുണ്ടാക്കിയിരുന്നു. അങ്ങനെയൊരു ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന് കനിക്ക് നേരെ സൈബർ ആക്രമണം വരെ ഉണ്ടായിരുന്നു.
ഇപ്പോളിതാ സിനിമാ ഇഷ്ടങ്ങളെ കുറിച്ച് കനി കുസൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. വാക്കുകൾ, സ്കൂളിൽ പഠിക്കുന്ന കാലത്ത് പത്മരാജൻ, സിദ്ദിഖ് ലാൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾ കാണുമ്പോൾ എനിക്ക് തോന്നിയിരുന്നു അറുപതുകളിൽ ജനിച്ചിരുന്നുവെങ്കിൽ എൺപതുകളിൽ ആ സിനിമകളുടെ ഭാഗാമാകാമായിരുന്നുവെന്ന്. ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, മന്നാർ മത്തായി സ്പീക്കിങ്, മിഥുനം തുടങ്ങിയ സിനിമകൾ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകളിൽ ചിലതാണ്. ചില പ്രിയദർശൻ സിനിമകൾ കാണുമ്പോഴും ആ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എല്ലാ പ്രിയദർശൻ സിനിമകളും ഇഷ്ടമല്ല. ജഗതിച്ചേട്ടന്റെ കോമഡികൾ കാണുമ്പോഴും അവർക്കൊപ്പം ആ കാലഘട്ടത്തിലെ സിനിമകളുടെ ഭാഗമാകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ സിനിമകൾ കാണുമ്പോൾ തോന്നാറില്ല. അന്ന് അത്തരം ഹിറ്റുകൾ സമ്മാനിച്ച അഭിനേതാക്കൾക്കൊപ്പം ഇപ്പോൾ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നാറില്ല. ഇപ്പോൾ സ്റ്റാറായിട്ടുള്ള നടന്മാർക്കൊപ്പം അഭിനയിക്കണം എന്നൊന്നും തോന്നിയിട്ടില്ല. കോമഡിയാണ് ചെയ്യാനിഷ്ടം. ഗോഡ്ഫാദർ കാണുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഫിലോമിന, എൻ.എൻ പിള്ള, ഇന്നസെന്റ്, ജഗദീഷ് എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. എൻ.എൻ. പിള്ള സാറിന്റെ കഥാപാത്രം വളരെ ഇഷ്ടമാണ്. കനകയെ ഒന്നും ശ്രദ്ധിച്ചിട്ടേയില്ല.
അവാർഡ് കിട്ടുന്നതിനേക്കാൾ കൂടുതൽ ഫെയിം കൊമേഷ്യൽ സിനിമകളുടെ ഭാഗമാകുമ്പോൾ എല്ലാ അഭിനേതാക്കൾക്കും ലഭിക്കും. എനിക്കും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. സ്പൈഡർ എന്ന തെലുങ്ക് സിനിമയിൽ വെറും രണ്ടോ മൂന്നോ സീനിൽ മാത്രമാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. ആ സിനിമയിലെ സീനുകൾ കണ്ട് നിരവധി പേർ തിരിച്ചറിയുകയും പുറത്തുപോകുമ്പോൾ വിളിച്ച് പരിചയപ്പെടുകയും എല്ലാം ചെയ്യാറുണ്ട്. പോപ്പുലറാകണമെങ്കിൽ പോപ്പുലർ സിനിമകളിൽ തന്നെ അഭിനയിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അല്ലാതെ അവാർഡ് കിട്ടിയതിന്റെ പേരിൽ രണ്ട് പേർ തിരിച്ചറിയുമെന്നോ കാര്യമുണ്ടെന്നോ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് കോമഡി റോളുകൾ ചെയ്യാനാണ് ഏറെ ഇഷ്ടം സ്ത്രീകൾ കോമഡി കൈകാര്യം ചെയ്യുന്നത് കാണാനും എനിക്ക് ഇഷ്ടമാണ്’ കനി കുസൃതി പറഞ്ഞു.