ബിരിയാണി എന്ന ചിത്രം മലയാള സിനിമയിൽ ഉണ്ടാക്കിയ ചലനം ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കനി കുസൃതിയാണ്. അന്യർ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ, മെമ്മറിസ് ഓഫ് എ മെഷീൻ തുടങ്ങിയവയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെ കുറിച്ചും പുതിയ സിനിമാ പ്രവര്‍ത്തകരെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറയുകയാണ് നടി കനി കുസൃതി.
ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നാല്‍ ഉപദേശിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഇറങ്ങുന്നതെന്നും കനി കുസൃതി പറഞ്ഞു. ശ്യാം പുഷ്‌കരന്റെയും ദിലീഷ് പോത്തന്റെയും പിന്നെ ഒരു പരിധി വരെ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും സിനിമകള്‍ ഏറെ ഇഷ്ടമാണ്. ശ്യാമിന്റെയും ദിലീഷിന്റെയും വര്‍ക്കിലെ ആ തുടര്‍ച്ചയും സ്ഥിരതയും ഇഷ്ടമാണ്. ശ്യാമിന്റെ എഴുത്ത് ഏറെ മികച്ചതാണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ തെരഞ്ഞെടുക്കുന്ന ജേണറുകളോട് അത്ര താല്‍പര്യമില്ല. എന്നാല്‍ എല്ലാവരും ഒരേ കാര്യം തന്നെയാണ് ഇവിടെ ചെയ്യാന്‍ ശ്രമിക്കുന്നതെന്നാണ് മിക്കപ്പോഴും തോന്നുന്നത്. ഒരേ രീതിയിലുള്ള ഉപദേശി പടങ്ങളാണ് എല്ലാം.ഒരേ ശൈലിയിലുള്ള ചിത്രങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം മലയാള സിനിമയില്‍ കൂടുതല്‍ വൈവിധ്യങ്ങള്‍ വരുന്നതാണ്, കനി പറയുന്നു.
സിനിമയോടും നാടകത്തോടും അഭിനയത്തോടുമുള്ള തന്റെ കാഴ്ചപ്പാടുകളും കനി അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ലെന്നും പടങ്ങള്‍ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നും കനി കുസൃതി പറഞ്ഞു. ബിരിയാണയിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കനി നേടിയിരുന്നു. കനി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ഒ.കെ കമ്പ്യൂട്ടര്‍, മഹാറാണി എന്നീ സീരിസുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.