ബോളിവുഡിൽ നായികമാരിൽ പ്രധാനിയാണ് കങ്കണ. മികച്ച നടി എന്ന നിലയിൽ പ്രശസ്തി നേടുമ്പോഴും വിവാദങ്ങളുടെ തോഴിയാണ് കങ്കണ. താരം പങ്കുവച്ച പല പോസ്റ്റുകളും വിവാദമായിരുന്നു. വിവാദ പരാമർശം നടത്തിയതിന് താരത്തിന്റെ ട്വിറ്റെർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ കൊവിഡിനെ നിസ്സാരവത്കരിച്ച താരത്തിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. രോഗ വിവരം സംബന്ധിച്ച് താരം പങ്കുവച്ച കുറിപ്പിലാണ് കൊവിഡിനെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നത്.
കുറച്ച് ദിവസങ്ങളായി ഞാന്‍ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകള്‍ വല്ലാതെ എരിയുന്ന പോലെ തോന്നി. ഹിമാചലിലേക്ക് പോകാന്‍ തീരുമാനിച്ച സമയമായിരുന്നതിനാല്‍ ഞാന്‍ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. ഞാനിപ്പോള്‍ ക്വാറന്റീനില്‍ ആണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേല്‍ ആര്‍ക്കും ഒരു അധികാരവും നല്‍കരുത്, നിങ്ങള്‍ ഭയന്നാല്‍ അവര്‍ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം . അതേസമയം ഇന്‍സ്റ്റഗ്രാം നടപടിക്കെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ എല്ലാവരും മുതലാളിത്തത്തിന്റെ ഇരകളാണെന്നും, തന്നെ ഈ പ്ലാറ്റ്‌ഫോം ഒരിക്കലും ആകര്‍ഷിച്ചിട്ടില്ലെന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ നിരോധിക്കപ്പെടാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അത് ഒരു ബഹുമതിയായി കണക്കാക്കുമെന്നും താരം പരിഹസിച്ചു.