വീര്യം മാത്രമേ കിരീടം ധരിക്കാവൂ! വിക്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് കമൽഹാസൻ

കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിക്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കമലഹാസനെ കൂടാതെ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് കമലഹാസൻ ട്വിറ്ററില്‍ കുറിച്ചത് വീര്യം മാത്രമേ കിരീടം ധരിക്കാവൂ, ഞങ്ങളുടെ കഴിവുകളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ വീണ്ടും ധൈര്യപ്പെടുന്നു. മുമ്പത്തെപ്പോലെ ഞങ്ങള്‍ക്ക് വിജയം നല്‍കുക എന്നാണ്.

വിക്രം, കമലിന്റെ 232ആം ചിത്രമായിട്ടാണ് ലോകേഷ് സംവിധാനം ചെയ്യുന്നത്. കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധാണ്. ചിത്രം നിര്‍മ്മിക്കുന്നത് കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമലാണ്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം വിജയ് നായകനായെത്തിയ മാസ്റ്ററാണ്.

Related posts