ഉലകനായകൻ കമൽ ഹാസൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. മക്കൾ നീതി മയ്യം നേതാവായ കമൽ ഹാസൻ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് സ്ഥാനാർഥിയായി നിൽക്കുന്നത്. കമൽ തന്റെ സ്വത്ത് വകകളുടെ വിവരം ,നാമനിർദ്ദേശ പത്രികകക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
176.9 കോടിയാണ് ഭരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് കമലിന്റെ സമ്പാദ്യം. സ്ഥാവര വസ്തുക്കൾ 131 കോടി രൂപയുടേതും 45.09 കോടി രൂപയുടെ ജംഗമ വസ്തുക്കളും ആണെന്ന് പറഞ്ഞിരിക്കുന്നു. 49.05 കോടിയുടെ വായ്‌പയുണ്ട് കമലിന്റെ പേരിൽ. കൂടാതെ കമൽ തന്റെ സത്യവാങ്മൂലത്തിൽ തനിക്ക് ഭാര്യയും മറ്റ് ആശ്രിതരും ഇല്ലെന്ന് പറഞ്ഞിട്ടുണ്ട് .
കമൽ ഹാസൻ തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ മത്സരാർത്ഥികളിൽ ഒരാളാണ്. 6.67 കോടി രൂപയുടെ സ്വത്താണ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സമർപ്പിച്ച രേഖകൾ പ്രകാരം അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. 7.8 കോടി രൂപ ഉപ മുഖ്യമന്ത്രി ഒ.പന്നീർസെൽവവും 8.9 കോടി രൂപ ഡി. എം.കെ നേതാവ് സ്റ്റാലിനും സമ്പാദ്യമായി കാണിച്ചിരിക്കുന്നത് .