കല്യാണി പ്രിയദർശൻ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികയാണ്. സംവിധായകൻ പ്രിയദർശന്റെയും മുൻ ഭാര്യ ലിസിയുടെയും മകളാണ് കല്യാണി. തെന്നിന്ത്യൻ സിനിമകളിൽ നായികയായി കല്യാണി മുൻനിരയിൽ തിളങ്ങി നിൽക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തല്ലുമാലയാണ് ഒടുവിൽ പുറത്തിറങ്ങിയ കല്യാണി ചിത്രം. ടൊവിനോ തോമസ് നായകനായി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിലെ ഓരോ താരങ്ങളുടേയും പ്രകടനം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്.
മലയാളം സിനിമ ചെയ്യാനുള്ള തന്റെ പേടിയെ കുറിച്ചും പ്രിയദർശന്റെ മകൾക്ക് മലയാളം അറിയില്ലെന്ന് ആളുകൾ പറയുന്നത് തന്റെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണെന്നും പറയുകയാണ് കല്യാണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മലയാളം സിനിമയെ കുറിച്ചും പ്രേക്ഷകരെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നത്. പഠിച്ച് ഡയലോഗ് പറയണം, അല്ലെങ്കിൽ ആ സീൻ മുൻപേ കിട്ടി മനസിലാക്കി ചെയ്യണം എന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താൻ ഒരു നല്ല അഭിനേത്രിയാണെന്ന് തനിക്ക് തന്നെ തോന്നിയിട്ടില്ലെന്നും ആ ഇൻസെക്യൂരിറ്റിയിൽ നിന്നാണ് ഇത് വരുന്നതെന്നുമായിരുന്നു കല്യാണിയുടെ മറുപടി.
തല്ലുമാലയുടെ കാര്യം പറഞ്ഞാൽ ആദ്യത്തെ ദിവസം തന്നെ എനിക്ക് കുറച്ച് സ്ട്രഗിൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ ഒരു വൈബ് പിടിക്കാൻ ബുദ്ധിമുട്ടി. പിന്നെ ഇക്കാര്യത്തിൽ ടൊവിയോട് നന്ദി പറയേണ്ടതുണ്ട്. ക്ലോസ് ഷോട്ട്‌സിൽ പോലും ടൊവി ഇല്ലാത്ത സീനാണ് എടുക്കേണ്ടതെങ്കിലും ടൊവി അവിടെ വന്ന് നിന്ന് എനിക്ക് റിയാക്ഷൻ തന്നിരുന്നു. അത് എന്റെ വളരെ സഹായിച്ചിരുന്നു, കല്യാണി പറഞ്ഞു. ആദ്യത്തെ ദിവസമൊക്കെ ഷൂട്ടിൽ താൻ കുറച്ച് ബുദ്ധിമുട്ടിയിരുന്നെന്നും ആ സ്വാഗും ആറ്റിറ്റിയൂഡും തനിക്ക് കിട്ടിയിരുന്നില്ലെന്നും കല്യാണി നേരത്തെ ചില അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.