കാളിദാസ് ജയറാം അഭിനയരംഗത്തേക്ക് കടന്നുവന്നത് 2000 ത്തിൽ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ്. തുടർന്ന് താരം എന്റെ വീട് അപ്പുന്റേയും എന്ന ചിത്രത്തിലും വേഷമിട്ടു. ശേഷം 2016 ൽ ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ട് കാളിദാസ് ബാലതാരത്തിൽനിന്നും മുൻനിര നായകരിലേക്ക് ഉയർന്നു. തുടർന്ന് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും കാളിദാസ് നായകനായി എത്തി.
പ്രേക്ഷകർ ഇപ്പോഴും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. ചിത്രത്തിൽ അച്ചുവായി കാളിദാസെത്തിയപ്പോൾ അമ്മ ആശയായി എത്തിയത് ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു. ചിത്രം റിലീസ് ചെയ്ത് 21 വർഷങ്ങൾ പിന്നിടുകയാണ് ഇപ്പോൾ. ഈ അവസരത്തിൽ അച്ചുവും അമ്മയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ്.
21 വർഷത്തിനുശേഷം കൊച്ചു കൊച്ചു സന്തോഷങ്ങളിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രശസ്തനായ എന്റെ പ്രിയപ്പെട്ട കാളിദാസിനെ വീണ്ടും കണ്ടുമുട്ടി. കാളിദാസിന് ഒരു ശോഭനമായ ഭാവി ആശംസിക്കുന്നു എന്നാണ് കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇരുവരും വീണ്ടും ഒന്നിക്കുന്നത് വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം, നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോൺ എന്നിവരാണ്.