അഭിനയം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സുധ കൊങ്കര എന്നോട് പറഞ്ഞത്! മനസ്സ് തുറന്ന് കാളിദാസ് ജയറാം!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് നേരത്തെ തന്നെ തന്റെ കഴിവ് തെളിയിച്ചതാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ സിനിമകളിലൂടെ ദേശീയ സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തിട്ടുണ്ട്. തുടര്‍ന്ന് തമിഴ് ചിത്രങ്ങളിലൂടെയാണ് നായക നിരയിലേക്ക് എത്തിയത്. പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് മലയാള സിനിമയിൽ നായകനായി തിരികെ എത്തിയത്. ഇതിനോടകം തമിഴിലും മലാളത്തിലും നിരവധി സിനിമകള്‍ ചെയ്തു. പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിൽ തങ്കം എന്ന സെഗ്മെന്റിലെ കാളിദാസ് അവതരിപ്പിച്ച സത്താർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയിരുന്നു.

ഇപ്പോഴിതാ അഭിനയം നിർത്താൻ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് പാവ കഥൈകൾ ആന്തോളജിയിലെ തങ്കം എന്ന ചിത്രത്തിലേക്ക് സുധ കൊങ്കാര വിളിക്കുന്നതെന്ന് പറയുകയാണ് കാളിദാസ്. ശരവണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആദ്യം വിളിച്ചതെന്നും സത്താറിനെ അവതരിപ്പിക്കാൻ മറ്റൊരു വലിയ ആക്ടർ ഉണ്ടായിരുന്നുവെന്നും കാളിദാസ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമകളൊക്കെ പരാജയപ്പെട്ടതോടെ ഇത് എന്റെ ഇൻഡസ്ട്രിയല്ലെന്ന് തോന്നിത്തുടങ്ങി. അഭിനയം നിർത്താൻ തന്നെ തീരുമാനിച്ചു. വ്യക്തി ജീവിതത്തിലും കരിയറിലും സംഭവിക്കുന്ന കാര്യങ്ങൾ മൂലം വളരെ ബുദ്ധിമുട്ട് അനുഭവിച്ചു. ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. ഒരു തിയേറ്റർ കോഴ്സ് ചെയ്യാൻ തുടങ്ങി. നാല് മാസത്തിന് ശേഷം സുധ മാം എന്നെ വിളിച്ചു. കാഡ്ബെറിയുടെ പരസ്യം കണ്ടിട്ടാണ് സുധ മാം വിളിച്ചത്. തങ്കം സിനിമയുടെ സ്ക്രിപ്റ്റ് അയച്ചുതരാം, ഒന്നു വായിച്ച് നോക്കാൻ പറഞ്ഞു. ശരവണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ശരവണന്റെ ക്യാരക്ടർ നീ ചെയ്യണം, സത്താറിനെ അവതരപ്പിക്കാൻ വലിയൊരു ആക്ടർ ഉണ്ടെന്ന് പറഞ്ഞു. എനിക്ക് സത്താറിനെ അവതരിപ്പിക്കാനാണ് താൽപര്യം. ഒരു ചാൻസ് തരൂ, നിരാശപ്പെടില്ലെന്ന് ഞാൻ മാമിനോട് അപേക്ഷിച്ചു. ഒരുപാട് തവണ പറഞ്ഞുനോക്കി.

എന്നാൽ അവർ തീരുമാനത്തിൽ ഉറച്ചുനിന്നു. സത്താറിനെ അവതരിപ്പിക്കാൻ തയ്യാറായിട്ടുള്ള വേറെ ചില ആളുകൾ അവരുടെ മനസിൽ ഉണ്ടായിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ മാം എന്നെ വിളിച്ചു, നീ വല്ല കൂടോത്രോം ചെയ്തോയെന്ന് ചോദിച്ചു. സത്താറിനെ അവതരിപ്പിക്കാൻ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നീ ഈ കഥാപാത്രം ചെയ്തോളൂ, പക്ഷേ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഞാൻ പ്രോജക്ട് തന്നെ നിർത്തും. കാരണം ഒരു കമ്മ്യൂണിറ്റിയെ മുഴുവൻ തെറ്റായി ചിത്രീകരിക്കാൻ ആവില്ല. ഇത് കുട്ടിക്കളിയല്ലെന്ന് മാം പറഞ്ഞു. അക്കാര്യത്തിൽ സുധ മാമിന് നിർബന്ധമുണ്ടായിരുന്നു. ഭാഗ്യവശാൽ എനിക്ക് അവരോടൊപ്പം വർക്ക് ചെയ്യാൻ പറ്റി. അവർ എനിക്ക് ഒരു സംവിധായിക മാത്രമല്ല, ഗോഡ്ഫാദറിനെ പോലെയാണ്. അവർക്ക് അവരുടെ അഭിനേതാക്കളെ നന്നായി അറിയാം. അത് ഏത് സംവിധായകനും പ്രധാനപ്പെട്ടതാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ പരാജയചിത്രങ്ങൾക്ക് ഒരു കാരണം അതിന്റെ സംവിധായകർക്ക് എന്നെ ശരിക്ക് അറിയാത്തതാണെന്ന് തോന്നുന്നു. സംവിധായകരുമായി ഒരു ബോണ്ട് ഉണ്ടാക്കാൻ ഞാനും ശ്രമിച്ചില്ല,’ കാളിദാസ് പറഞ്ഞു.

Related posts