കലാഭവൻ മണി മലയാള സിനിമയിലെ സകലകലാവല്ലഭന്‍ ആയിരുന്നു. അദ്ദേഹം ഓര്‍മയായിട്ട് ഇപ്പോൾ അഞ്ച് വര്‍ഷം തികയുന്നു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്ന മണി ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായിരുന്നു. മണി പ്രേക്ഷക പ്രീതി നേടിയത് അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന എന്നിങ്ങനെ ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ചാണ്. സിനിമാരംഗത്തെ ഓൾ റൗണ്ടറായിരുന്നു ചുരുക്കിപ്പറഞ്ഞാൽ മണി. കലാഭവൻ മണി തന്റെ ജീവിതം ആരംഭിച്ചത് ഒരു ഓട്ടോക്കാരനായിട്ടാണ്. ഹാസ്യനടനായിട്ടാണ് തുടക്കമെങ്കിലും ശേഷം ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകരുടെ കണ്ണിലുണ്ണിയായി. എല്ലാതരം വേഷങ്ങളും ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിവ് തെളിയിച്ച മണി ദക്ഷിണേന്ത്യൻ സിനിമാലോകത്ത് അറിയപ്പെടുന്ന വ്യക്‌തികളിലൊരാളായിരുന്നു.
കലാഭവൻ മണി സിനിമയിലെത്തുന്നത് ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്‌ചാത്തലത്തിൽ നിന്നുമാണ്. മണിയുടെ അനുകരണകലയിലുള്ള പ്രാവീണ്യം ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ തെളിയിക്കപ്പെട്ടിരുന്നു. സ്കൂൾ കാലഘട്ടത്തിലെ മത്സരവേദികളിൽ സമ്മാനങ്ങൾ വാരികൂട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായിരുന്നു. മണി ഒരുപാട് മിമിക്രി ട്രൂപ്പുകൾക്കുവേണ്ടി മിമിക്രി അവതരിപ്പിച്ച് പണമുണ്ടാക്കി. തുടർന്ന് കലാഭവനിൽ ചേരാൻ ഇടയുണ്ടായി. കലാഭവനിലെ ജോലി ചില കാരണങ്ങളാൽ നഷ്‌ടപ്പെട്ടതോടെ സമുദായം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറി. അക്ഷരം എന്ന സിബി മലയിലിന്റെ ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തിയത് സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ്. കലാഭവൻ മണിയെ നായകനിരയിലേക്കുയർത്തിയത് വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിലൂടെയാണ്. ഇതിലൂടെ ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്‌സ്-ഏഷ്യാനെറ്റ് അവാർഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തി.
പിന്നീട് മണി വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. മണി നായകനായി അഭിനയിച്ചത് ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങളിലാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പവും മാത്രമല്ല രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം എന്നിവരോടൊപ്പവും മണി അഭിനയിച്ചു. തമിഴ് ചിത്രങ്ങളായ മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം തുടങ്ങിയ ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും മണി അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണി നല്ല ഒരു ഗായകൻ കൂടിയാണ്. നാടൻ പാട്ടിനെ വളരെയധികം ജനകീയമാക്കിയ ഒരു കലാകാരൻ ആണ് മണി. മലയാളികൾ ഒട്ടനേകം ഗാനങ്ങൾ മണിയുടെ ശബ്ദത്തിൽ കേട്ടിട്ടുണ്ട്. ഗാനമേളകൾക്കും മറ്റു ചടങ്ങുകൾക്കും മണിയുടെ സാന്നിധ്യം ജനങ്ങളെ ആവേശത്തിലാക്കാറുണ്ട്. മണി അഭിനയിക്കുന്ന ചിത്രങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവാണ്. മണിയുടെതായി നിരവധി നാടൻപാട്ടിന്റെയും ഭക്തിഗാനങ്ങളുടെയും ഓഡിയോ കസെറ്റുകൾ ഉണ്ട്. ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്കാരം മുതൽ നിരവധി അവാർഡുകളും മണിക്ക് ലഭിച്ചിട്ടുണ്ട്.