സമുദായം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് കലാഭവൻ മണി. ചെറിയവേഷങ്ങൾ ചെയ്‌ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ സീരിയസ് വേഷമായിരുന്നു.വിനയൻ എന്ന സംവിധായകനാണ് കലാഭവൻ മണിയെ നായകനിരയിലേക്കുയർത്തിയത്. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി.
നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയാണ് കലാഭവൻ മണി. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. സ്റ്റേജ് ഷോകളിൽ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാർച്ച് ആറിന് വൈകുന്നേരം കേരളക്കര കേട്ടത് അവിശ്വസനീയമായ വാർത്തയായിരുന്നു. 6ാം ചരമവാർഷിക ദിനത്തിൽ മണിയെ അനുസ്മരിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. മണിയുടെ സഹോദരൻ ആർഎൽവി പങ്കിട്ട കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ, ഇത് കുന്നിശ്ശേരി കുടുംബം. ചുരുക്കി പറഞ്ഞാൽ നിങ്ങൾ നെഞ്ചിലേറ്റിയ കലാകാരനായ കലാഭവൻ മണിയുടെ കുടുംബം. 5 സഹോദരിമാരും 3 ആൺമക്കളും അവരുടെ മക്കളും പേരക്കുട്ടികളും ഒക്കെയായിരുന്ന സന്തോഷത്തോടെ ജീവിച്ച നിറകുടുംബം. അതൊക്കെ പഴയ കഥ.ഞങ്ങളുടെ ഗൃഹനാഥൻ ഞങ്ങളിൽ നിന്ന് വേർപെട്ടിട്ട് മാർച്ച് 6 ന് 6 വർഷം തികയുന്നു. മണിയേട്ടനെ സ്നേഹിച്ചിരുന്നവർക്ക് ഈ നഷ്ടത്തിൻ്റെ വേദന പറഞ്ഞാൽ തീരാത്തതാകുമ്പോ പിന്നെ ഞങ്ങളുടെ കുടുംബത്തിൻ്റെ കാര്യം പറയേണ്ടതില്ലല്ലോ. ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിച്ച ഞങ്ങളുടെ രക്ഷകർത്താവിനെയാണ് ഞങ്ങൾക്ക് നഷ്ടമായത്…… കുറേയധികം എഴുതണമെന്നുണ്ട്. വാക്കുകൾ തിങ്ങി വരുന്നതുകൊണ്ടോ…. എന്തെന്നറിയില്ല….. ഒന്നും എഴുതി മുഴുപ്പിക്കാൻ സാധിക്കുന്നില്ല … നിർത്തുന്നു.