രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം ‘കള’യ്ക്ക് സെൻസർ ബോർഡിന്റെ അംഗീകാരം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്ന ഈ ചിത്രം മാർച്ച് അബസാനത്തോടെ റീലീസ് ആവും. സോഷ്യൽ മീഡിയയിലൂടെ ടോവിനോ തോമസും അണിയറ പ്രവർത്തകരും ഈ പുത്തൻ വിശേഷം പങ്കു വെച്ചിട്ടുണ്ട്. കള സെൻസർ ചെയ്തു. ഞങ്ങൾക്ക് ലഭിച്ചത് എ സർട്ടിഫിക്കറ്റ് ആണ്. അതെ എ സർട്ടിഫിക്കറ്റ് കട്ടുമില്ല ബീപ്പ് സൗണ്ടുമില്ല. പച്ചക്ക് വളർന്നവർക്ക് വേണ്ടി മാത്രം. കുഞ്ഞുങ്ങൾ മാറി നിൽക്കൂ. ‘ എന്നാണ് സെൻസർ ചെയ്തതിനെ കുറിച്ച് ടോവിനോ പറഞ്ഞിരിക്കുന്നത്.
ചിത്രം പറയുന്നത് ഷാജി എന്ന കഥാപാത്രത്തിന്റെ കഥയാണ്. ഭാര്യയും,അച്ഛനും കുട്ടിയും അടങ്ങിയ ഷാജിയുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന കഥയാണ് ചിത്രം. രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’. രോഹിത്തിന്റെ മുൻ ചിത്രങ്ങളാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നിവ. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 1997 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലാൽ, ആരിഷ്, ദിവ്യ പിള്ള, സുമേഷ് മൂർ തുടങ്ങിയവരാണ്. സെക്കന്റ് ഷോ സജീവമായതോടെ തീയ്യറ്ററുകളിൽ പ്രേക്ഷകർ എത്തിയ സാഹചര്യത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് യദു പുഷ്കരനും രോഹിത് വി എസും ചേർന്നാണ്. ചിത്രം നിർമിക്കുന്നത് അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസാണ്. സഹ നിർമ്മാതാവായി ടോവിനോയും സിജു മാത്യുവും നേവിസ് സേവ്യറും ഉണ്ട്. ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിക്കുന്നത് അഖിൽ ജോർജാണ്. എഡിറ്റിങ് ചെയ്തിരിക്കുന്നത് ചമൻ ചാക്കോ ആണ്.