നിരത്തിന്റെയും രൂപത്തിന്റെയും പേരിൽ അവഗണിക്കപ്പെട്ടവരുടെ അടിച്ചമർത്തപെട്ടവരുടെ കഥകൾ നാം നിരവധി തവണ കേട്ടിട്ടുണ്ട്. വർണ്ണ വിവേചനം ഇല്ല എന്ന് പറഞ്ഞാൽ പോലും നമുക്കിടയിൽ അത് ഇന്നും നിലനിൽക്കുന്നുണ്ട്. കറുപ്പ് ഇഷ്ടമാണെന്നു പറയുന്നവരിൽ ചിലർ ശരീരം ഒരല്പം കറുത്താൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ തേടി ഓടുന്നവരാണല്ലോ. ഈ വിവേചനം എങ്ങനെ അവഗണനയായി മാറുന്നു എന്നും അതിനെ എങ്ങനെ അധിജീവിക്കാമെന്നുമുള്ള കഥയുമായി എത്തിയ ഷോർട് ഫിലിം ആണ് കാക്ക. ഓ ടി ടി റിലീസായി എത്തിയ ഈ ഷോർട് ഫിലിം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി തന്റെ വിജയ കഥ തുടരുകയാണ്.
ഈ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയിരിക്കുവാണ് ചിത്രത്തിലെ നായിക ലക്ഷ്മിക. പഞ്ചമി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ ലക്ഷ്മിക അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചമിയുടെ യഥാർത്ഥ രൂപവും നിറവും ചിത്രത്തിലേതു തന്നെയാണ് എന്ന് കരുതിയവരാണ് പ്രേക്ഷകരിൽ അധികവും. എന്നാൽ തനിക്ക് തന്നെ ആ കഥാപാത്രത്തോട് ചേർന്ന് നില്ക്കാൻ രണ്ടു ദിവസം വേണ്ടി വന്നു എന്നാണ് താരം പറയുന്നത്. പഞ്ചമി എന്ന കഥാപാത്രം ഇത്രയും മികച്ച രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദിക്കുവാൻ നിരവധി പേരാണ് ലക്ഷ്മികയെ വിളിക്കുന്നത്. ഇപ്പോഴിതാ കാക്കയിൽ അഭിനയിച്ചതിന്റെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ലക്ഷ്മിക. വേറൊരു കുട്ടി ചെയ്യാനിരുന്ന കഥാപാത്രം എന്തോ ബുദ്ധിമുട്ട് കാരണത്താൽ ആണ് എന്നിലേക്ക് എത്തുന്നത്. കഥാപാത്രത്തിന്റെ ലുക്ക് ആദ്യം കണ്ടപ്പോൾ ചെറിയ ആശങ്ക തോന്നി. ഇങ്ങനെയൊരു കഥാപാത്രം ഞാൻ അവതരിപ്പിച്ചാൽ ശരിയാകുമോ എന്നും എനിക്ക് സംശയമായി. കഥ കേട്ടപ്പോൾ അവസരം ഒഴിവാക്കാൻ കഴിഞ്ഞില്ല. കഥയിൽ പറഞ്ഞത് പോലെ ഉള്ള വേർതിരിവ് അനുഭവിക്കുന്ന ധാരാളം പേർ എനിക്ക് ചുറ്റുമുണ്ട്. അവർക്കെല്ലാം ചെറിയ രീതിയിലെങ്കിലും ഒരു ഉണർവാകട്ടെ എന്നു കരുതിയാണ് ഞാൻ ആ സിനിമ ചെയ്തത്
എങ്ങനെയാണ് ഇങ്ങനെയൊരു കുട്ടിയെ കൃത്യമായി കിട്ടിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ആ ചോദ്യത്തിന് പിന്നിൽ പ്രവർത്തിച്ചത് മേക്കപ്പ് ചെയ്ത ജോഷി ജോസ്, വിജേഷ് കൃഷ്ണൻ ടീമാണ്. അഭിനയിക്കുമ്പോൾ തന്നെ ക്രൂവിലെ പലരും സീൻ കണ്ട് കരഞ്ഞിരുന്നു. അത് കണ്ടപ്പോൾ അഭിമാനം തോന്നി. അതെല്ലാം അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്.വീട്ടുകാരും സുഹൃത്തുക്കളും പോലും അത് ഞാനാണെന്ന് വിശ്വസിക്കുന്നില്ല. എല്ലാവരും പഞ്ചമിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും വളരെ സന്തോഷം തോന്നുന്നു. ഉയരെ, നിത്യഹരിത നായകൻ, പുഴയമ്മ തുടങ്ങി ഒരുപാട് സിനിമകൾ ചെയ്തെങ്കിലും ഇത് ഹൈലൈറ്റ് ആയി എന്നും ലക്ഷ്മിക പറയുന്നു.