മലയാള സിനിമ പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട ചിത്രമാണ് കാബൂളിവാല. സിദ്ദീഖ്-ലാലിന്റെ സംവിധാനത്തില്‍ 1994 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാബൂളിവാല. വിനീത് നായകനായെത്തിയ ചിത്രത്തില്‍ ചാർമിള, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ക്യാപ്റ്റൻ രാജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ നായകനോളം പ്രാധാന്യമുള്ള കഥാപാത്രങ്ങളായ കന്നാസും കടലാസുമായി ഇന്നസന്റും ജഗതിയും എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ കടലാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം ജഗതി ശ്രീകുമാറിന് സമ്മതമായിരുന്നില്ലെന്ന് പറയുകയാണ് നടന്‍ ഇന്നസെന്റ്.
‘ആ സിനിമയുടെ തുടക്ക കാലഘട്ടത്തില്‍ ഇങ്ങനൊരു കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞത് സിദ്ദീഖ്-ലാലാണ്. അതില്‍ കടലാസിന്റെ കഥാപാത്രം ചെയ്യുന്നത് ജഗതി ശ്രീകുമാറാണ്. അവര്‍ എല്ലാം റെഡിയാക്കി വെച്ച്, ജഗതിയോട് കാര്യം പറഞ്ഞു. അപ്പോള്‍ ജഗതി ശ്രീകുമാര്‍ പറഞ്ഞു, തനിക്ക് അത് പറ്റില്ലെന്നും വേറെ കുറച്ച് തിരക്കുകള്‍ ഉണ്ടെന്നും. അങ്ങനെയാണെങ്കില്‍ നമുക്ക് ഇനി ഇത് നീട്ടാന്‍ പറ്റില്ല. നമ്മള്‍ ഈ സിനിമ ചെയ്യുമെന്ന് സിദ്ദീഖ്-ലാല്‍ പറഞ്ഞു. അതില്‍ കന്നാസ് നിങ്ങള്‍ തന്നെയാണെന്ന് എന്നോട് പറഞ്ഞു. കടലാസിന് പകരം ഒരാളെ മനസ്സില്‍ കാണുന്നുണ്ട് എന്നു പറഞ്ഞു.പക്ഷെ അതിനു മുമ്പ് അവസാനമായി ഇന്നസെന്റ് ചേട്ടന്‍ ജഗതി ശ്രീകുമാറിനോട് ഒന്ന് സംസാരിക്കണം. ഇത്രയും നല്ല കഥാപാത്രമാണെന്ന് പറയണമെന്ന് സിദ്ദീഖ് ലാല്‍ പറഞ്ഞു’, ഇന്നസെന്റ് പറയുന്നു.
നിങ്ങളല്ലെ സംവിധായകര്‍. അപ്പോള്‍ നിങ്ങളല്ലെ ജഗതിയോട് ഇക്കാര്യം പറയേണ്ടതെന്നാണ് താന്‍ അവരോട് പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഇന്നസെന്റിനോട് വാക്ക് പറഞ്ഞാല്‍ ജഗതി ചേട്ടന്‍ പിന്‍മാറില്ലെന്ന്. അതുകൊണ്ടാണ് അവര്‍ ഇക്കാര്യം ജഗതിയോട് പറയാന്‍ തന്നെ ഏല്‍പ്പിച്ചതെന്നും ഇന്നസെന്റ് പറയുന്നു. അങ്ങനെ ഞാന്‍ ജഗതിയോട് കാര്യം പറഞ്ഞു. നമ്മുടെ ജീവിതത്തിലൊരിക്കലും ഇനി ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ പറ്റില്ല. ഒരു ചാക്കും തോളിലിട്ട്, ഒരു മുഷിഞ്ഞ ഷര്‍ട്ടും, ധരിച്ച് ഈ പ്രായത്തില്‍ നടക്കാന്‍ പറ്റുമോ?. ഇങ്ങനെയൊരു കഥയും ഇനി കിട്ടില്ല എന്ന് ഞാന്‍ ജഗതിയോട് പറഞ്ഞു. അപ്പോഴാണ് ജഗതി പറയുന്നത്, ദുബായില്‍ എന്തോ പ്രോഗ്രാം ഏറ്റു പോയെന്നും അതുകഴിഞ്ഞ് വന്ന് സിനിമ ചെയ്യാമെന്നും. ഉടനെ ഞാന്‍ പറഞ്ഞു. നീ പറ, നിനക്ക് ചെയ്യാന്‍ പറ്റുമോ? ഇല്ലെങ്കില്‍ ഇല്ല എന്ന് പറയണം. വേറെ ആള്‍ ഈ റോള്‍ ചെയ്യും. ഞാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ജഗതിയ്ക്ക് മനസ്സിലായി. ഈ റോള്‍ അവന്‍ ചെയ്യേണ്ടതാണ്. അതല്ലെങ്കില്‍ ഇങ്ങനെ പറയില്ല എന്ന്. അങ്ങനെ ജഗതി ശ്രീകുമാര്‍ എനിക്ക് വാക്കു തന്നു. ഈ കഥാപാത്രം ചെയ്യാമെന്ന്,’ ഇന്നസെന്റ് പറയുന്നു.