മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ എസ് ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങള്‍ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. മലയാളം ഭാഷയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി നിരവധി ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005 ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചിരുന്നു.
ചില ഗാനങ്ങൾ പാടുമ്പോൾ അതിന്റെ വരികൾ കാരണം സങ്കോചം തോന്നിയിട്ടുണ്ട് എന്ന് പറയുകയാണ് ചിത്ര. തനിക്ക് മോശമെന്ന് തോന്നിയ ഒരു വരി മാറ്റി നൽകണം എന്ന് പറഞ്ഞതിനെക്കുറിച്ച് ചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ഒരുപാട് വൃത്തി സൂക്ഷിക്കുന്ന ചിത്രയ്ക്ക് പാടാൻ കിട്ടുന്ന ഗാനങ്ങളിലെ വരികൾക്ക് വൃത്തിയില്ലെന്ന് തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. അത് പറയുമ്പോൾ വലിയൊരു കഥ പറയേണ്ടി വരും, അത് പറയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് ചിത്ര തുടങ്ങിയത്. ഡബിൾ മീനിങ് വരികൾ തനിക്ക് ചിലപ്പോൾ മനസിലാകില്ലെന്ന് ചിത്ര പറയുന്നു. പച്ചയ്ക്ക് വരുന്ന, നമുക്ക് പാടാൻ ഒരു സങ്കോചം തോന്നുന്ന വരികൾ ഒന്ന് രണ്ടു തവണ വന്നപ്പോൾ ആ വരി മാറ്റമോ എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ തമിഴിലെ വളരെ പ്രശസ്തനായ, മുതിർന്ന ഒരു കവിയുടെ വരികൾ ആയിരുന്നു. ഞാൻ അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അത് വലിയൊരു പ്രശ്നമായി. ഇളയരാജ സാറിന്റെ അടുത്ത് പരാതിയെത്തി. അതിനു ശേഷം ഒരു റെക്കോർഡിങ്ങിന് പോയപ്പോൾ രാജ സാർ വിളിച്ചു. അദ്ദേഹം പറഞ്ഞു, ഒരുപാട് പേർ ഒരുപാട് ജോലികൾ ചേർന്ന് ചെയ്ത് കഴിയുമ്പോഴാണ് വലിയൊരു സിനിമയുണ്ടാകുന്നത്. ഓരോരുത്തർക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുക. അദ്ദേഹം ചീത്ത വരികൾ എഴുതണം എന്ന ആഗ്രഹം കൊണ്ട് എഴുതുന്നതല്ല. ആ സിനിമയ്ക്ക്, ആ സിറ്റുവേഷന് എന്ത് വേണമോ, അതാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
അത് മാറ്റാൻ പറയാൻ നിനക്കു അധികാരമില്ല. നിന്റെ ജോലി ആ പാട്ട് നിന്റെ ശബ്ദത്തിലൂടെ പാടി കൊടുക്കുക എന്നതാണ്. അവിടെ സംഗീത സംവിധായകൻ അയാളുടെ ജോലി ചെയ്യും. എഴുതുന്ന ആൾ അയാളുടെ ജോലി ചെയ്യും. അതിലൊന്നും ഇങ്ങനെ പറയാൻ പാടില്ല.’ അത് ഒരു അച്ഛൻ മകൾക്ക് നൽകുന്ന ഉപദേശം പോലെയാണ് ഞാൻ എടുത്തത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, മുൻപ് ഒരു ഡബിൾ മീനിങ് ഉള്ള പാട്ടു പാടിയെന്ന് പറഞ്ഞ് ഒരാൾ അതിനെ കുറിച്ച് ചോദിച്ചിരുന്നു. എനിക്ക് അത് ഡബിൾ മീനിങ് ആണെന്ന് മനസിലായില്ല. ഭക്തിയുടെ രീതിയിലാണ് ഞാൻ ആ പാട്ട് മനസിലാക്കിയത്. നിനക്ക് തമിഴൊക്കെ അറിയുന്നതല്ലേ, വരികൾ കേട്ടപ്പോൾ വേണ്ട എന്ന് പറയാമായിരുന്നില്ലേ, ഇത്രയധികം പാട്ടുകൾ പാടിയ ആൾക്ക് പറ്റില്ലെങ്കിൽ വേണ്ടെന്ന് വയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഡബിൾ മീനിങ് ആണെന്ന് പറഞ്ഞ് വരുന്നവരോട് ഞാൻ ഭക്തി ഗാനങ്ങൾ പാടിയിട്ടുണ്ട്, അത് കേൾക്കൂ എന്ന് പറയണം. അതല്ലാതെ ഒരാൾ എഴുതിയ വരികൾ മാറ്റാൻ പറയാനുള്ള അവകാശം നിങ്ങൾക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നി. അതിനു ശേഷം ഒരു പാട്ടും ഞാൻ വരികൾ കാരണം പാടില്ലെന്ന് പറഞ്ഞിട്ടില്ല.