ഞാന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്: അനുഭവം പങ്കുവെച്ച് ജോജു ജോർജ്

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രത്തിൽ ജോജു ജോർജും വേഷമിടുന്നുണ്ട്. തന്നെ മാലിക് എന്ന സിനിമയിലേക്ക് ആകര്‍ഷിച്ച ഘടകം മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണെന്ന് പറയുകയാണ് ഇപ്പോൾ ജോജു ജോര്‍ജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോജു സംസാരിച്ചത്. മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. ഞാന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക് എന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ സിനിമയിലേക്ക് വന്നത് ഒരു പകരക്കാരനായിട്ടാണ്. ബിജുവേട്ടന്റെ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ എന്നെ വിളിക്കുകയും ഞാന്‍ വന്ന് അഭിനയിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കി ഒന്നും എനിക്കറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് എന്റെ മനസ്സിലുള്ളത്. ഞാന്‍ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു. എല്ലാവരും നല്ലോണം പണിയെടുത്തിട്ടുള്ള സിനിമയാണിത് എന്നും താരം പറഞ്ഞു.

ചിത്രം ജൂലൈ 15 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത് സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ്. ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ്. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ് എന്നിവരാണ്.

Related posts