തൻ്റെ കഴിവും കഠിനപ്രയത്നവും കൊണ്ട് മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജോജു തൻ്റെ കരിയർ ആരംഭിച്ചത്. തുടർന്ന് സഹനടനായും വില്ലനായും പ്രേക്ഷകർക്കു മുൻമ്പിൽ എത്തിയ താരം ഇപ്പോള്‍ നായകനായും തിളങ്ങി നില്‍ക്കുകയാണ്. പാത്തു എന്ന് വിളിക്കുന്ന ജോജുവിന്റെ മകള്‍ സാറയേയും മലയാളികൾക്ക് സുപരിചിതമാണ്. പ്രേക്ഷകരെ പലപ്പോഴും മനോഹരമായ പാട്ടുകൾ പാടി പാത്തു അതിശയിപ്പിച്ചിട്ടുണ്ട്. ജോജു ഇപ്പോള്‍ മകൾ പാത്തുവിൻറെ പുതിയ വീഡിയോയുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ‘മൂന്നാംപക്കം’ എന്ന ചിത്രത്തില്‍ ‘ജി വേണുഗോപാല്‍’ പാടിയ ‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം’ എന്ന ഗാനമാണ് ഇക്കുറി പാത്തു പാടിയിരിക്കുന്നത്. ‘എന്റെ പാത്തു’ എന്നാണ്
ജോജു പാത്തുവിൻറെ ഈ വീഡിയോക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജോജു പങ്കുവച്ച ഈ വീഡിയോയ്ക്ക് സിനിമാരംഗത്തു നിന്നുള്‍പ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
ജോജു പങ്കുവെച്ച് വീഡിയോയ്ക്ക് നിരവധി പേര്‍ കമന്റുകളുമായും എത്തി. എത്ര രസമായിട്ടാണ് പാത്തു പാടുന്നതെന്നും വലുതാകുമ്പോള്‍ അറിയപ്പെടുന്ന ഗായികയായി തീരട്ടെയെന്നുമൊക്കെയാണ് ഈ പാട്ട് വിഡിയോയ്ക്കു താഴെ വരുന്ന കമന്റുകള്‍. നിരവധിപ്പേരാണ് പാത്തുവിന് ആശംസകളുമായി എത്തിയത്.
നേരത്തെയും പാത്തു ഗാനം ആലപിക്കുന്നതിന്റെ വീഡിയോകള്‍ ജോജു പങ്കുവെച്ചിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച് ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം എന്ന ഗാനം പാത്തുവും ജോജുവും ചേര്‍ന്ന് പാടുന്നതിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ വിഡിയോയില്‍ പാടി കഴിഞ്ഞ മകളോട് ‘കുട്ടി നന്നായി പാടുന്നുണ്ടല്ലോ’യെന്ന് അഭിമാനപൂര്‍വം ജോജു ചോദിക്കുന്നത് കാണാം. മറുപടിയായി പപ്പയുടെ കവിളിലൊരു മുത്തം നല്‍കുകയാണ് കൊച്ചുഗായിക ചെയ്തത്.