ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാകുകയും പിന്നീട് നായക പദവിയിലേക്ക് നടന്നടുത്ത കലാകാരനാണ് ജോജു ജോര്‍ജ്ജ്. വർഷങ്ങളോളം താൻ ചാൻസ് തേടി നടന്നതും ചാൻസ് കിട്ടിയതുമൊക്കെ പലതവണ ജോജു തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജോജു താന്‍ ആദ്യമായി അഭിനയിച്ച സിനിമയെക്കുറിച്ചും, ആദ്യമായി ഡയലോഗ് പറഞ്ഞ സിനിമയെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ്. ജോസഫില്‍ അഭിനയിക്കുന്നതിനു മുന്‍പേ തന്നെ തനിക്ക് നായകനായി സിനിമയില്‍ ക്ഷണം ഉണ്ടായിരുന്നുവെന്നും ലാല്‍ ജോസിന്റെ പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമ ചെയ്തു കഴിഞ്ഞപ്പോഴാണ് അത്തരത്തില്‍ ഓഫര്‍ വന്നു തുടങ്ങിയതെന്നും ജോജു പറയുന്നു.
ഞാന്‍ ആദ്യമായി നായകനായ ‘ജോസഫ്’ എന്ന സിനിമയ്ക്ക് മുന്‍പേ എനിക്ക് നായകനാകാനുള്ള ഓഫര്‍ വന്നിരുന്നു. ‘പുള്ളിപുലിയും ആട്ടിന്‍കുട്ടിയും’ ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ നായകനായായുള്ള ക്ഷണം വന്നിരുന്നു. ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രം ‘മഴവില്‍ക്കൂടാര’മായിരുന്നു, അതിനു ശേഷം ‘ഫ്രണ്ട്സ്’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു, പിന്നീട് ഇന്‍ഡിപെന്‍ഡന്‍സില്‍ ചെറിയൊരു വേഷം ചെയ്തു. എനിക്ക് ആദ്യമായി ഒരു ഡയലോഗ് ലഭിക്കുന്നത് മമ്മുക്ക നായകനായ ‘ദാദ സാഹിബ്’ എന്ന ചിത്രത്തിലാണ്. തുടക്കം കിട്ടിയ ഡയലോഗ് തന്നെ കുറച്ചു ഭീകരമായിരുന്നു. അതൊക്കെ ചെയ്യുമ്ബോള്‍ സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം കൈവന്നിരുന്നു എന്നും ജോജു പറയുന്നു.