ചില ചോദ്യങ്ങൾ അങ്ങനെയാണ്. ചില ഉത്തരങ്ങളും! വരദയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ ജിഷിൻ!

മിനിസ്ക്രീൻ ‌സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമ സീരയൽ താരം വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും മിനിസ്ക്രീൻ സീരിയൽ മേഖലയാണ് താരത്തിന് പ്രശസ്തി നൽകിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കവും.

കുറച്ച്‌ മാസങ്ങൾക്ക് മുമ്പാണ് ജിഷിനും വരദയും വേർപിരിഞ്ഞുവെന്നുള്ള റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്. രണ്ടുപേരുടെയും സോഷ്യൽമീഡിയ പേജുകളിൽ ഇരുവരുടേയും കപ്പിൾ ഫോട്ടോകൾ കാണാതായതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോയെന്ന എന്ന സംശയം ആരാധകർക്ക് വന്ന് തുടങ്ങിയത്. ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം വരദയ്ക്കൊപ്പമുള്ള സെൽഫി ഫോട്ടോ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ. ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. മുന്നോറോളം സീരിയൽ നടിനടന്മാർ പങ്കെടുത്ത യോഗത്തിൽ വരദയും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജിഷിൻ വളരെ നാളുകൾക്ക് ശേഷം വരദയ്ക്കൊപ്പമുള്ള സെൽഫി പകർത്തിയത്.

കുറെപേർ ചോദിക്കാറുണ്ട്… എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തതെന്ന്?. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്… ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം. അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ… സുഖം തന്നെയല്ലേയെന്ന്. അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും. അതെ.സുഖമാണ്. ചില ചോദ്യങ്ങൾ അങ്ങനെയാണ്. ചില ഉത്തരങ്ങളും. എന്നാണ് ജിഷിൻ വരദയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ കുറിച്ചത്. ഫോട്ടോ വൈറലായതോടെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ രണ്ടുപേരയും കൂടെ മോനയും കൂടി കാണുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സെലിബ്രിറ്റിയാകാനാ‍ൻ പോയതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതെന്നായിരുന്നു മറ്റൊരു ആരാധകൻ കുറിച്ചത്. ഒരുമിച്ച്‌ ഇതുപോലെ എപ്പോഴും മുന്നോട്ട് പോകാൻ അനുഗ്രഹം ഉണ്ടാവട്ടെയെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Related posts