കഴിഞ്ഞു പോയ വർഷം ലോകമെമ്പാടുമുള്ളവർക്ക് ദുഃഖത്തിന്റെയും ഭയത്തിന്റെയും വർഷം ആയിരുന്നു. നിരവധി പേരുടെ ജീവനാണ് മഹാമാരിയിൽ പൊലിഞ്ഞത്. ഇപ്പോൾ സീരിയൽ താരം ജിഷിനും 2020 വളരെ മോശം വർഷം ആയിരുന്നു 2020. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന ജിഷിന് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു. ഇതിന്റെ കാരണം ഇപ്പൊൾ തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് ജിഷിന്. ജിഷിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം,
2020.. എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയൻ. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാൻസറും, ലിവർ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു. എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കർക്കശക്കാരനായ, സ്നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം.
പക്ഷെ ആ സ്നേഹമെല്ലാം മനസ്സിനുള്ളിൽ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തിൽ. ഒരു വേളയിൽ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയിൽ ഞാൻ പറയുന്നത്. ഇതിലൂടെ അച്ഛന്റെ യഥാർത്ഥ സ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാൽ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്.. എന്റെ പിതാവിന്റെ വിയോഗത്തിൽ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തിൽ പങ്കു ചേർന്ന എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.