മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വൺ. ഈ ചിത്രത്തെ പ്രശംസിച്ച്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. വോട്ടിംഗ് ഒരു കരാറല്ല. നിങ്ങൾ നൽകുന്ന ഒരു അസൈൻമെന്റാണ്. ജനങ്ങൾ നിയോഗിച്ചവരെ തിരിച്ചുവിളിക്കാൻ അവർക്ക് അവകാശമുണ്ടെന്നും അതുകൊണ്ടുതന്നെ റൈറ്റ് ടു റീകാൾ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും ജിത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയാണ് കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വൺ എന്ന ചിത്ര തിയറ്ററുകളിലെത്തിയത്. പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റൈറ്റ് ടു റീകാൾ എന്ന ഹാഷ്ടാഗ് സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൊളിറ്റിക്കൽ എന്റർടെയിനർ വിഭാഗത്തിൽ പെടുന്നതാണ്. ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതാണ്. ശ്രീലക്ഷ്മിയാണ് ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചത്. മമ്മൂട്ടിക്കൊപ്പം ജോജു ജോർജ്, നിമിഷാ സജയൻ, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്രമേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലൻസിയർ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടർ റോണി സാബ് ജോൺ, ഡോക്ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. ഗോപി സുന്ദറാണ് റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഇൗണം നൽകുന്നത്.