ബോംബെ ഹൈകോടതിയുടെ പുതിയ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. പോക്സോ കേസിൽ ഉണ്ടായ വിധിക്കെതിരെയാണ് ജസ്ല പ്രതികരിച്ചിരിക്കുന്നത്. ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,
ഏതു നിമിഷവും സ്ത്രീകൾ ആക്രമിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകൾ ജീവിക്കുന്നതു്. ജൈവികമായ ചോദനയ്ക്കും അപ്പുറം സ്ത്രീകളെ എന്തിന്, കൊച്ചു കുട്ടികളെപ്പോലും ലൈംഗികമായ ആസക്തിയോടെ സമീപിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടു്.ഇണയെ അക്രമിമിച്ചു കീഴ്പ്പെടുത്തേണ്ടതാണന്ന അതിപ്രാകൃതമായ മൃഗവാസന ഈ ആധുനിക കാലത്തും തുടരുന്ന വ്യവസ്ഥിതിയിൽ ഈ വാർത്ത ശരിയാണങ്കിൽ വിധി ദൗർഭാഗ്യകരമാണ്. തന്നേക്കാൾ ശാരീരികമായും മാനസികമായും പരിമിതിയുള്ള കൊച്ചു കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാതിരിക്കാനാണ് നിയമം കൂടുതൽ കർക്കശമാക്കുന്നത്. ഇരയേയും ഇണയേയും വേട്ടയാടി മനുഷ്യന്റ പരിണാമ പരമായ അക്രമ ത്വരയെ പരിഷ്കൃത സമൂഹത്തിൽ ഇല്ലാതാക്കാനാണ് അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നത്. ശിക്ഷാ ഭയം മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളെ ഇല്ലാതാക്കും. ഒരു പെൺകുട്ടി, അവളുടെ ചുറ്റുപാടിൽ, വീട്ടിൽ, സ്കൂളിൽ, ബസ്സിൽ, പൊതുവിടങ്ങളിൽ, നവ മാദ്യമങ്ങളിൽ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവളാണു്. സമൂഹത്തിന്റെ പ്രവണതകൾക്കെതിരെ കലഹിച്ചാൽ ലൈംഗിക അധിക്ഷേപത്തിലൂടെ മാത്രം മറുപടി പറയാൻ കഴിയുന്ന ഒരു പൊതു സമൂഹത്തിന്റെ അക്രമത്വര മനസിലാക്കാനെങ്കിലും കോടതികൾക്കാവണം.
പൊതുബോധത്തെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ വർഷങ്ങളായി ആക്രമിക്കപ്പെടുന്നയാളാണ് ഞാൻ.ശാരീരിക അതിക്രമം, ലൈഗിക അധിക്ഷേപം, നവമാദ്യമം വഴിയുള്ള വ്യക്തി അധിക്ഷേപം, ആസിഡ് അക്രമ ഭീഷണി, പോൺ സൈറ്റുകളിൽ പേര് വച്ചു കൊണ്ടുള്ള വ്യാജ വീഡിയോ പ്രചരണം. ഇതൊക്കെ ഏറെ അനുഭവിക്കുന്ന ആളാണ് ഞാനും. നേരിട്ട് ഉള്ളത് മാത്രമല്ല നോക്കു കൊണ്ടും വാക്കു കൊണ്ടും, ഒക്കെ ഉണ്ടാകുന്നത് വല്ലാത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന പീഢനങ്ങൾ തന്നെയാണ്. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം എന്ന് പറയുമ്പോഴും, നിയമം കൈയ്യോഴിയുന്ന ഒത്തിരി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ട്. നമ്മുടെ സമൂഹം ഒട്ടും സ്ത്രീ സൗഹൃദമല്ലാത്തിടത്തോളം നിയമങ്ങൾ കർശനമാകണം. ഇത്തരം വിധികൾ അപഹാസ്യം എന്നു മാത്രമല്ല ദയനീയമാണ്.