വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് ജയസൂര്യ. മിമിക്രിയിലൂടെയാണ് താരം കലാരംഗത്തെത്തെത്തുന്നത്. കുഞ്ചാക്കോ ബോബനും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദോസ്ത് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് ജയസൂര്യ സിനിമയിൽ എത്തിയത്.പിന്നീട് വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ താരം നായക പദവിയിലെത്തി. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിലും അഭിനയിച്ചു. സ്വപ്നക്കൂട്, ക്ലാസ്മേറ്റ്സ്,ലോലിപോപ്പ് തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. അഞ്ചോളം തമിഴ് ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും, നർമരംഗങ്ങളിലെ മികവുമാണ് ജയസൂര്യയുടെ വളർച്ചക്ക് സഹായകമായത്. നായക പ്രതിനായക വേഷങ്ങളും, നർമ്മ രസം നിറഞ്ഞ വേഷങ്ങളും, തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ കമൽ ഹാസനെ പറ്റി ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് ജയസൂര്യ. ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ വെച്ച് 20 വർഷത്തെ അഭിനയജീവിതത്തിന് കമൽ ഹാസനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രമാണ് ജയസൂര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 20 വർഷം പിന്നിടുമ്പോൾ ഇത്ര വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് കരുതിയതല്ലെന്ന് ജയസൂര്യ പറഞ്ഞു. ഈ മഹാപ്രതിഭയിൽ നിന്നും പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, കലാദേവത കനിഞ്ഞു തന്ന സമ്മാനം. ഒരു സിനിമയിൽ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാൻ. ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. ഏഷ്യാനെറ്റിന് എന്റെ നിറഞ്ഞ സ്നേഹം, നന്ദി, ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച എന്റെ ഗുരുനാഥൻ വിനയൻ സാറിനും.
സകലകലാവല്ലഭൻ എന്ന വാക്ക് തന്നെ നമ്മൾ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭയക്ക് ഒപ്പം രണ്ടു ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്, വസൂൽ രാജ എംബിബിസ് , ഫോർ ഫ്രണ്ട്‌സ്. 20 ഇയേർസ് ആക്ടിങ് എക്സലൻസ് പുരസ്ക്കാരം ഈ മഹാപ്രതിഭയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നു. ഇതു സാധ്യമായത് എന്റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവിൽ, ഇതിനു കാരണമായ എല്ലാത്തിനും എല്ലാവർക്കും എന്റെ പ്രണാമം.