ജയറാം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മിമിക്രി രംഗത്ത് നിന്നുമാണ് ജയറാം അഭ്രപാളികളിലേക്ക് എത്തുന്നത്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി താരം മാറി. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് താരം. ജയറാമിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. നടി പാർവതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പാർവതി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. 2019ല്‍ പുറത്തെത്തിയ പട്ടാഭിരാമന്‍ ആണ് ജയറാം അഭിനയിച്ച അവസാന മലയാള ചിത്രം. എന്നാല്‍ തമിഴിലും തെലുങ്കിലും താരം സജീവമായിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി എത്തുകയാണ് ജയറാം. ഇന്ന് ചിത്രം പുറത്തെത്തും.
മലയാള സിനിമയില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജയറാം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്. മലയാള സിനിമകളില്‍ നിന്നും ഞാന്‍ മനപൂര്‍വ്വം ഗ്യാപ്പ് എടുത്തതാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാര്‍, സഹോദരിമാര്‍, സഹോദരന്മാര്‍ അവരൊക്കെ എന്നെ വിട്ട് കുറച്ച് അകന്ന് പോകുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. കാരണം, പലപ്പോഴും അങ്ങനെ തോന്നിയ സമയങ്ങളിലൊക്കെ എനിക്ക് ഒരുപാട് പരാജയങ്ങള്‍ വന്നു.
ഞാന്‍ ഇനി കുറേ കാലത്തേക്ക് സിനിമ ചെയ്യുന്നില്ല, പ്രത്യേകിച്ച് മലയാളം, എന്ന് തീരുമാനിച്ചു. മനസ്സിന് ഒരു സ്പാര്‍ക്കായി തോന്നുന്ന ഒരു സിനിമ എന്നെങ്കിലും ദൈവം കൊണ്ടുതരുമ്പോള്‍ അത് ചെയ്യാം എന്ന് എന്റെ പിള്ളേരോടും പറഞ്ഞു. ബെസ്റ്റ് ഐഡിയയാണ് അപ്പാ, അത് പോലുള്ള കഥകള്‍ വരുമ്പോള്‍ ചെയ്താല്‍ മതി. വല്ലപ്പോഴും തമിഴും തെലുങ്കും ചെയ്യാം എന്ന് അവരും പറഞ്ഞു, ജയറാം പറഞ്ഞു.