പാഡ് വാങ്ങുമ്പോൾ മമ്മിയ്ക്ക് മാത്രം പോരാ, ഒരെണ്ണം കൂടി എക്സ്ട്രാ വാങ്ങണം, ആർത്തവത്തെ കൂൾ ആയി കണ്ടവൾ!

Lis-lona

ലിസ് ലോനയുടെ  ഋതുമതിയായ നിമിഷത്തെ ഹൃദ്യമായി ഓർമ്മകൾ. ഉടുപ്പിന്റെ പുറക് വശത്തെ രക്തക്കറ കണ്ട് അമ്മാമ തന്നെയും കൂട്ടി അമ്മയുടെ അടുത്തേക്ക് ചെന്ന നിമിഷവും അവിടുന്നങ്ങോട്ട് തനിക്കു സംഭവിച്ച മാറ്റവും ഓർമ്മകളിൽ നിറയുന്നു. ആശങ്ക നിറഞ്ഞ നിമിഷങ്ങളിൽ തനിക്കു സംഭവിച്ച മാറ്റത്തെക്കുറിച്ചുള്ള ആകാംക്ഷയും അതറിയാനായി അമ്മയെയും അമ്മാമയെയും ശല്യം ചെയ്തതുമെല്ലാം ലിസിന്റെ കുറിപ്പിലുണ്ട്. മകൾ ഉൾപ്പെടുന്ന പുതുതലമുറ ആർത്തവമെന്ന മാറ്റത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും ലിസ് ചേർത്തു വയ്ക്കുന്നു. ആശങ്കകൾ മാറ്റിവച്ച് കൂളായി ആ ദിനങ്ങളെ സമീപിച്ച മകളെ കുറിച്ചാണ് ലിസിന്റെ കുറിപ്പ്.

ഇന്നമ്മേ ഒന്ന് ഓടി വന്ന് നോക്കോ എന്റെ പാവട മുഴുവൻ ചോരയാ..എനിക്ക് പേടിയായിട്ട് വയ്യ എനിക്കെന്തെങ്കിലും പറ്റുമോ.ഇട്ടിരുന്ന ഇളം നീല നിറമുള്ള പാവാടയുടെ പിൻഭാഗം മറച്ചുപിടിച്ച് പേടിയോടെയും ആകാംഷയോടെയും ഞാൻ അമ്മമ്മയോട് ചോദിച്ച ചോദ്യം ഇപ്പോഴുമെനിക്ക് ഓർമ്മയുണ്ട്.അമ്മയും അമ്മായിമാരും ഒന്നോ രണ്ടോ കൂട്ടുകാരികളും.മാസത്തിലൊരിക്കൽ അടക്കിപ്പിടിച്ച് സംസാരിക്കുന്ന ആ ദിവസങ്ങളാണോ എന്ന് സംശയം തോന്നിയ നിമിഷം.

Pad
Pad

എന്റെ  ഉടുപ്പിന്റെ പുറക് വശത്തെ രക്തക്കറ കണ്ട് അമ്മാമ എന്നെയും കൂട്ടി അമ്മയുടെ അടുത്തേക്ക് ചെന്ന്.ലിസികുട്ടി വല്ല്യേ ആളായിട്ടാ റോസീ. നീ അവനോട് കൂടി ഒന്ന് പറഞ്ഞോ എന്ന് സന്തോഷത്തോടെ അറിയിച്ചതാണ് ഞാൻ ഋതുമതിയായതിന്റെ ഓർമകൾ.എന്നിട്ടും ഭയന്നരണ്ട എനിക്ക് തന്ന വിശദീകരണം ഇതൊക്കെ പെൺകുട്ടികൾക്ക് മാസാമാസം ഉണ്ടാകുന്നതാണ് മോളെ ഇനി കുറച്ച് അടങ്ങി ഒതുങ്ങി ഇരിക്കണം മരം കേറാനും ആൺപിള്ളേരോട് അടിയുണ്ടാക്കാനും പോകരുതെന്ന് മാത്രമാണ്.

ഇതെന്തിന് വരുന്നു? ഇതുകൊണ്ടെന്തെങ്കിലും ഉപയോഗമുണ്ടോ ? മാസാമാസം എന്തുകൊണ്ടാണ് സംഭവിക്കുന്നത് ഒരിക്കൽ മാത്രം വലിയ കുട്ടി ആയെന്ന് അറിയിച്ചാൽ മതിയല്ലോ. ഇത് വന്നില്ലെങ്കിൽ എന്താണ് കുഴപ്പം?ഈ രക്തമെല്ലാം നഷ്ടപ്പെട്ടാൽ നമ്മൾ മരിക്കാനുള്ള സാധ്യത കൂടുതലല്ലേ ?എന്തുകൊണ്ടാണ് എനിക്കിങ്ങനെ ഈ സമയത്ത് ദേഷ്യം വരുന്നത് ? ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു.

സാധിക്കും വിധമെല്ലാം ഉത്തരങ്ങൾക്കായി അമ്മയെയും അമ്മാമയെയും ശല്യം ചെയ്തപ്പോഴെല്ലാം അതൊക്കെ വലുതാകുമ്പോൾ അറിഞ്ഞോളുമെന്ന ഒറ്റവാക്കിലുള്ള മറുപടി തന്ന് അവർ ഒഴിഞ്ഞുമാറും.അന്ന് അമ്മ സൂക്ഷിച്ചുവച്ചിരുന്ന വെളുത്ത മൽമലിന്റെ തുണി കീറി ഉടുപ്പിച്ചത് ഓർത്താൽ ഇന്നും എനിക്ക് അസ്വസ്ഥതയുണ്ടാക്കും.നടക്കുമ്പോൾ തുണിയുരഞ്ഞ് തുടകൾ ഉരഞ്ഞുപൊട്ടിയ നീറ്റലുണ്ടാകും.കട്ട പിടിച്ച രക്തം ഒട്ടിപിടിച്ചിരിക്കുന്നതിനാൽ ഓരോ നിമിഷവും ആ തുണികളെന്നെ അസഹ്യതയുടെ വിളുമ്പിൽ നിർത്തുമായിരുന്നു.വയറ് വേദനയിൽ ചൂളിപ്പിടിച്ച നിൽപ്പും ഉടുപ്പിന്റെ പുറകിലായോ എന്ന് പേടിച്ചു പേടിച്ചുള്ള നടത്തവും ഓർമ വരും.

22as2-2-390x220
22as2-2-390×220

അന്നത്തെ കാലം അതാണ് ! സാനിറ്റേറിപാഡ്‌ ഇന്നത്തെ പോലെ എല്ലായിടത്തും എത്തിയിട്ടില്ല..ഉണ്ടെങ്കിൽ തന്നെ വാങ്ങാനുള്ള സാമ്പത്തികവുമില്ല.മാസാമാസം ഈ തുണി കഴുകലും ഉണക്കലുമായി വരുന്ന ആ ചുവന്ന ദിനങ്ങളെ ഞാൻ വെറുത്തുപോയിരുന്നു പിന്നീട് പാഡ് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് അല്പമെങ്കിലും സമാധാനം കിട്ടിയത്. മകളുണ്ടായപ്പോഴേ മനസ്സിൽ കരുതിയത് അവൾ മുതിർന്നുവരുമ്പോൾ എനിക്ക് ലഭിച്ച ‘വലുതായിട്ട് അറിഞ്ഞാൽ മതിയെന്ന’ ഉത്തരമല്ല അവൾക്ക് കൊടുക്കേണ്ടതെന്നാണ്.

ഞാൻ അനുഭവിച്ച ചമ്മലും വേദനയും അസ്വസ്ഥതകളും അവൾ അനുഭവിക്കരുതെന്നായിരുന്നു. പീരീഡ്‌സിനെക്കുറിച്ച് എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി അവൾ വേറൊരാളെ ആശ്രയിക്കരുതെന്നായിരുന്നു.വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും പലപ്പോഴായി അവൾക്ക് പീരിഡ്സ് ആകുന്നതിനെക്കുറിച്ചും.അത് എന്താണെന്നും.എപ്പോഴാണ് വരുന്നതെന്നും.എന്താണ് അതിന്റെ ആവശ്യമെന്നും വിശദീകരിച്ചു കൊടുക്കാൻ മറന്നില്ല.ശരീരത്തിലെ മാറ്റങ്ങളെകുറിച്ചും ശരീര സംരക്ഷണത്തെക്കുറിച്ചും എപ്പോഴും വൃത്തിയോടെ ഇരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞുകൊടുക്കാൻ ഒരു മടിയും കാണിച്ചില്ല.

pads
pads

പത്തുവയസ്സ് കഴിഞ്ഞപ്പോൾ സ്കൂൾബാഗിലും അവളുടെ വാഷ്‌റൂമിലും പാഡുകൾ അത്യാവശ്യമായി വന്നാൽ ഉപയോഗിക്കാനായി ഞാൻ കരുതിവച്ചു.. ഉപയോഗിക്കേണ്ട വിധവും ഡിസ്പോസലും വ്യക്തമാക്കികൊടുത്തു.രക്തം കണ്ടാൽ പതറേണ്ട ആവശ്യമില്ലെന്നും വളർച്ചയുടെ പടവുകളാണെന്നും പെണ്മയുടെ അടയാളമാണെന്നും അറിയിച്ചു.പാഡ് മാറേണ്ട ആവശ്യമില്ലെങ്കിൽ പോലും ആറുമണിക്കൂറിൽ കൂടുതലായെങ്കിൽ ഉപയോഗിച്ചത് മാറ്റേണ്ടതിനെക്കുറിച്ച് മനസിലാക്കിച്ചു.ആ ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കണമെന്നും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കാൻ ശീലിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു.

ആ ദിവസങ്ങൾ ഒളിഞ്ഞിരിക്കേണ്ടതാണെന്നോ മറ്റുള്ളവരോട് അറിയിക്കാൻ പോലും മടിച്ച് മാറിയിരിക്കേണ്ട ഒന്നാണെന്നോ അല്ല അഭിമാനത്തോടെ തലയുയർത്തിപിടിച്ചു എനിക്ക് ഈ സമയമാണെന്ന് ആരെ അറിയിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പറയാൻ എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല.ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായേക്കാം ഉണ്ടെങ്കിൽ വിശ്രമം എടുക്കേണ്ട സമയമാണെന്നും അല്ലെങ്കിൽ ഒരു മനോഹരമായ ഒരു ദിവസം പോലെ സന്തോഷിക്കാനുള്ളതാണെന്നും അവളെയറിയിച്ചു.

Related posts