പ്രവാസികൾ സൗദിയില്‍നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ വർദ്ധനവെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 19.3 ശതമാനം വര്‍ധനയുണ്ടായെന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020ല്‍ 149.6 ശതകോടി റിയാല്‍ രാജ്യത്തെ വിദേശികള്‍ പുറത്തേക്ക് അയച്ചതായാണ് കണക്ക്. 2019ല്‍ 125.5 ശതകോടി റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ അയച്ച പണത്തിെന്റ അനുപാതം 21.35 ശതമാനം വരെയെത്തി. അത് 39.45 ശതകോടി റിയാലായി ഉയര്‍ന്നു. 2019ല്‍ ഇതേ കാലയളവില്‍ 32.51 ശതകോടി റിയാലായിരുന്നു.
അതേസമയം, വിദേശത്തേക്ക് സൗദി പൗരന്മാരുടെ പണം ഒഴുകുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതില്‍ 16.4 ശതമാനം കുറവുണ്ടായി. 48.57 ശതകോടി റിയാലാണ് സ്വദേശി പൗരന്മാരുടേതായി പുറത്തേക്ക് പോയത്. 2019ല്‍ ഇത് 58.1 ശതകോടി റിയാലായിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യത്തിലും നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അളവ് കൂടിയെന്നത് പ്രധാനമാണ്. നാലു വര്‍ഷത്തിനു ശേഷമാണ് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇത്ര വലിയ വര്‍ധനയുണ്ടായത്.കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും പ്രവാസികള്‍ പണം അയക്കുന്നത് കുത്തനെ കൂടുകയായിരുന്നു. കോവിഡ് പ്രത്യാഘാതത്തിനു പിന്നാലെ സൗദിയില്‍നിന്ന് നാട്ടിലേക്ക് ഒന്നേകാല്‍ ലക്ഷം മലയാളികള്‍ മടങ്ങിയെന്നാണ് നോര്‍ക്കയുടെ കണക്ക്.
13 ലക്ഷത്തിലേറെ മലയാളികളാണ് സൗദിയില്‍ ഉള്ളതെന്ന് എംബസി കണക്കുകള്‍ സൂചിപ്പിക്കുന്നു. നാട്ടില്‍ പോയ ഒന്നേകാല്‍ ലക്ഷം പേരില്‍ വലിയൊരു വിഭാഗത്തിന് ജോലി നഷ്ടമായിരുന്നു. ഇവരുടെ സര്‍വിസ് ആനുകൂല്യം ഉള്‍പ്പെടെ തുകയും അയച്ചതില്‍ ഉള്‍പ്പെടുന്നതായി ബാങ്കിങ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സൗദി സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാതിയിലാണ് വിദേശത്തേക്ക് പണമയക്കുന്നത് വര്‍ധിച്ചത്. പ്രവാസികളില്‍ വലിയൊരു പങ്കും ഇ-വാലറ്റുകളെ ആശ്രയിച്ചതും പണമിടപാട് നാട്ടിലേക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.