ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ കളിക്കുമോ? ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന തീരുമാനം ഇന്നുണ്ടാകും. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ ഓപ്പണറുടെ ഫിറ്റ്നെസ് ടെസ്റ്റ് ഇന്ന് നടക്കും. ഐപിഎൽ മത്സരത്തിനിടെ രോഹിത്തിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു.
പേശിവലിവിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയിട്ടും രോഹിത്തിനെ ഓസ്ട്രേലിയക്കെതിരായ ടി20 പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ തിരിച്ചെത്തിയ രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയതിനെതിരെ ആരാധകർ രംഗത്ത് വന്നത്.

രോഹിത് ശർമയുടെ ഫിറ്റ്നെസ്സിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഓസ്ട്രേലിയയിലേക്ക് രോഹിത് ശർമ എത്തുമെന്നാണ് കരുതുന്നതെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ രോഹിത് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെന്നും അച്ഛനൊപ്പമാണെന്നും പിന്നീട് ബിസിസിഐ അറിയിച്ചു.
ഫിറ്റ്നെസ് ടെസ്റ്റ് പാസായാൽ വൈകാതെ തന്നെ ഇന്ത്യയുടെ ഹിറ്റ്മാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. അവിടെ എത്തി 14 ദിവസത്തെ ക്വറന്റീൻ പൂർത്തിയാക്കേണ്ടതുണ്ട്. അതായത് ടെസ്റ്റ് പാസായാലും ജനുവരി ഏഴിന് നടക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ മാത്രമേ രോഹിത്തിന് കളിക്കാനാകൂ. ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലാകും ഇനി രോഹിത്തിനെ കാണാനാകുക.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിൽ രോഹിത് ശർമയെ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിൽ മായങ്ക് അഗർവാളും മൂന്നാം മത്സരത്തിൽ ശുഭ്മാൻ ഗില്ലുമാണ് രോഹിതിന് പകരം ശിഖർ ധവാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ടി20 മത്സരങ്ങളിൽ കെ എൽ രാഹുലായിരുന്നു ഓപ്പൺ ചെയ്തത്. ടെസ്റ്റ് മത്സരത്തിൽ മായങ്ക് അഗർവാൾ ഓപ്പണറായി ഇറങ്ങും. രോഹിത് ഇല്ലെങ്കിൽ പകരം പൃഥ്വി ഷായോ ശുഭ്മാൻ ഗില്ലോ അഗർവാളിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും